കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.ഇടക്കാല ഉത്തരവില്ലാത്തതിനാൽ വിജയ് ബാബു തിങ്കളാഴ്ച ഹാജരായേക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള താരം, മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്.
ഏപ്രിൽ 14ന് നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.