ജമ്മു കാശ്മീരില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്
ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർക്ക് വീരമൃത്യു. 19 സൈനികർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം തേടി. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. റോഡിൽ നിന്ന് 50-60 അടി താഴ്ചയിലുള്ള ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. പർതാപൂറിലേക്ക് വിദഗ്‍ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി സൈന്യം അറിയിച്ചു.