നടിയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കേ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും നിർമാതാവുമായ വിജയ് ബാബു. നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന ചിത്രവും കുറിപ്പുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങൾ എന്ത് പ്രകോപനവും ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിജയ് ബാബു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.
പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു പറയുന്നുണ്ട്.
നടിയുടെ പീഡനപരാതിയിൽ തിങ്കളാഴ്ച രാവിലെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹവുമായി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും.
പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും. ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ് നേരത്തേ പ്രതികരിച്ചിരുന്നു.