KeralaNews

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്.

സുപ്രീംകോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സില്‍ സി കെ ശശി അപ്പീല്‍ ഫയല്‍ ചെയ്തു. വിജയ് ബാബുവിന് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്.

പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന് പറയാനില്ല, പരാതിക്കാരിയും ആരോപണ വിധേയനും ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണം ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച്‌ സൂചിപ്പിക്കുന്നില്ലായെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അതിനിടെ വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വ്യക്തത തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ജസ്റ്റിസ് വി കുഞ്ഞികൃഷ്ണന്റേതാണ് നടപടി. വിജയ് ബാബുവിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ ഭിന്നത ഉണ്ടായത്.

പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ യുവതി കുവൈത്തിലിരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ യുവതിയുടെ ജാമ്യാപേക്ഷ തള്ളി. പ്രതി കുവൈത്തിലായതിനാലാണ് ജാമ്യഹര്‍ജി കോടതി തള്ളാന്‍ തീരുമാനിച്ചത്.

എന്നാല്‍ വിദേശത്ത് ഇരിക്കെയാണ് ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിന് ഉപാധികളോടെ മറ്റൊരു സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ആശയകുഴപ്പം ഉടലെടുത്തതോടെ പോക്‌സോ കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നിരുന്നാലും യുവതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

വിദേശത്തിരുന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് 438 ാം വകുപ്പ് വിലക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ ജഡ്ജി പറയുന്നത്. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നവര്‍ക്കും അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ഗുരുതരമായ ഒരു കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് അറിഞ്ഞിട്ടും വിദേശത്തേക്ക് ഒളിച്ചോടിയ ശേഷം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്ബോള്‍ നിഷേധിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. പ്രതിയുടെ അറസ്റ്റിന് മുമ്ബ് കോടതിക്ക് വേണമെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കാം. വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് എംഎസ് ഷാഫി കേസിലും ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസിലെ പ്രതി സൗദ ബീവിയുടെ കേസിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button