പക്ഷികളും നായ്ക്കളും മൃതദേഹങ്ങള്‍ കടിച്ച് കീറുന്നു; ഗംഗയുടെ തീരത്തെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്

ലക്‌നോ: കൊവിഡിനെ നേരിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ വീഴ്ചകള്‍ തുറന്നുകാട്ടി ദേശീയ മാധ്യമങ്ങള്‍. പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാതെ കുഴിച്ചിട്ടിരിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ചവരുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹങ്ങള്‍ രോഗങ്ങള്‍ പരത്തുമെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലായി ഗംഗാ നദിയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാലാണ് ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗയിലെറിഞ്ഞത്.

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടയാനും മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും യുപി, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെയ് 15, 16 തീയതികളില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര ജല ശക്തി വകുപ്പിന് കീഴിലെ നമാമി ഗംഗെ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലര്‍ത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. അവലോകന യോഗത്തില്‍ യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മൃതദേഹങ്ങള്‍ ഒഴുകിയ പശ്ചാത്തലത്തില്‍ നദികളിലെ വെള്ളം പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News