‘ആഴ്ചയില്‍ ഒരിക്കല്‍ കോഴിയുടെ തലച്ചോറു കഴിക്കൂ, നൂറു വയസ്സു വരെ ജീവിക്കു’; ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 111കാരന്‍!
കാന്‍ബറ: ”ആഴ്ചയില്‍ ഒരിക്കല്‍ കോഴിയുടെ തലച്ചോറു തിന്നൂ,” – ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി ഡക്സറ്റര്‍ ക്രൂഗര്‍ എന്ന നൂറ്റിപ്പതിനൊന്നുകാരന്‍. ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ക്രൂഗര്‍. രാജ്യത്തെ തന്നെ ഏറ്റവും പ്രായമായ ആള്‍ എന്ന റെക്കോഡ് ഭേദിക്കുന്ന വേളയില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ക്രൂഗര്‍ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയത്.
ഒന്നാം ലോക യുദ്ധത്തില്‍ പങ്കെടുത്ത ജാക്ക് ലോക്കറ്റ് ആയിരുന്നു ഇതുവരെ ഓസ്ട്രേലിയയിലെ പ്രായമായ പരുഷന്‍. 2002ല്‍ മരിക്കുമ്പോള്‍ 111 വര്‍ഷവും 123 ദിവസവുമാണ് ലോക്കറ്റ് പിന്നിട്ടത്. ക്രൂഗര്‍ ഇന്ന് ആ റെക്കോഡ് തകര്‍ത്തു. 111ാം ജന്മദിനം ആഘോഷിച്ച് 124 ദിവസം പിന്നിടുകയാണ് ക്രൂഗര്‍.
”കോഴിയുടെ തലച്ചോര്‍ തിന്നുക, ആഴ്ചയില്‍ ഒന്നു വീതം. അതു വളരെ രുചികരമാണ്”- ക്രൂഗര്‍ പറയുന്നു. ക്യൂന്‍സ്ലാന്‍ഡിലെ നഴ്സിങ് ഹോമിലാണ് ക്രൂഗര്‍ കഴിയുന്നത്.
ഈ പ്രായത്തിലും ക്രൂഗറിന്റെ ഓര്‍മശക്തി അതിശയിപ്പിക്കുന്നതാണെന്നാണ് നഴ്സിങ് ഹോമിലെ അധികൃതര്‍ പറയുന്നത്. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ് ക്രൂഗര്‍. ഓരോ സംഭവങ്ങളും ഓര്‍ത്തെടുക്കുന്നതു കാണുമ്പോള്‍ അദ്ഭുതപ്പെട്ടുപോവുമെന്ന് അവര്‍ പറയുന്നു.
കോഴിയുടെ തലച്ചോറ് എന്നൊക്കെ ക്രൂഗര്‍ പറയുമെങ്കിലും ലളിതമായ ജീവിത രീതിയാണ് പിതാവിന്റെ ആയുസിന്റെ രഹസ്യമെന്ന്, ക്രൂഗറുടെ മകന്‍ പറയുന്നു. എഴുപത്തിനാലു വയസ്സുണ്ട് മകന്‍ ഗ്രെഗിന്. 114 വര്‍ഷവും 148 ദിവസവും ജീവിച്ച ക്രിറ്റിന കുക്ക് ആണ് പ്രായത്തില്‍ റെക്കോര്‍ഡ് ഇട്ട ഓസ്ട്രേലിയന്‍.