ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകടകരമായ രീതിയിൽ ബൈക്കിൽ പോകുന്ന കമിതാക്കളുടെ വിഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പൊലീസ്. ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി.
ട്വിറ്റർ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിഡിയോ പരിശോധിച്ച് ആവശ്യമായ മറ്റു നിയമനടപടികളും സ്വീകരിക്കണമെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണർ ഇന്ദിരാപുരം പൊലീസിനു നിർദേശം നൽകി.
#गाजियाबाद में आशिक मिजाज बाइक सवार की वीडियो हुई वायरल इंदिरापुरम के NH 9 का बताया जा रहा है ।
— Akash Kumar (@Akashkchoudhary) June 20, 2023
वो कहते है ना –
"हम तो मरेंगे सनम तुम्हे साथ लेके मरेंगे "
पर
नियम कानून ताक पर रख के ही सफर करेंगे ।@Gzbtrafficpol @uptrafficpolice @sacchayugnews pic.twitter.com/xPmSgzbfmO
ഇന്ദിരാപുരത്ത് ദേശീയപാത 9ൽ ബൈക്കിൽ സഞ്ചരിച്ച കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബൈക്ക് ഓടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്ത് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്.
പിൻസീറ്റിൽ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയായാണ് യുവതി ഇരിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്കിനു പിന്നാലെ പോകുന്ന ഒരു കാറിൽനിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
റോഡ് സുരക്ഷാ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഇത്തരം കാര്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടെ ടാഗ് ചെയ്ത് നിരവധിപ്പേർ ആവശ്യപ്പെട്ടു.
രാജസ്ഥാനിലും സമാന സംഭവം ഉണ്ടായിരുന്നു. അമിത വേഗത്തിൽ പായുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് പുറത്തുവന്നത്.