28.3 C
Kottayam
Sunday, April 28, 2024

പ്രശസ്ത മാധ്യമപ്രവർത്തകൻ വിപി രാമചന്ദ്രൻ അന്തരിച്ചു

Must read

കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്.

വിപിആർ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്നാണ് മുഴുവൻ പേര്. വികസനോന്മുഖ മാധ്യമപ്രവർത്തനം, അന്വേഷണാത്മക പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചു.

പിടിഐ, യുഎൻഐ, മാതൃഭൂമി, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ലാഹോറിലും റാവൽപിണ്ടിയിലും പിടിഐ ലേഖകനായിരുന്നു. പാക്കിസ്ഥാനിൽ പ്രസിഡന്റ് അയൂബ് ഖാൻ പട്ടാള നിയമം പ്രഖ്യാപിച്ചത്, ലോകരാഷ്ട്രങ്ങളെ അറിയിച്ചത് ഇദ്ദേഹമായിരുന്നു.

ഉഗാണ്ടയിലെ ഏകാധിപതിയായിരുന്ന ഈദി അമീനുമായുള്ള ഇദ്ദേഹത്തിന്റെ അഭിമുഖം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈദി അമീനുമായി അഭിമുഖം നടത്തിയ അപൂർവം ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളുമായിരുന്നു ഇദ്ദേഹം.

കേരള പ്രസ് അക്കാദമിയിൽ കോഴ്സ് ഡയറക്ടറായി എത്തിയ ഇദ്ദേഹം, പിന്നീട് രണ്ട് തവണ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. മാധ്യമപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വദേശാഭിമാനി – കേസരി പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി 50 വർഷക്കാലത്തോളം മാധ്യമപ്രവർത്തനം നടത്തിയ ആളാണ് വിപി രാമചന്ദ്രൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week