KeralaNews

മഹേശന്‍ നിരപരാധി; സി.ബി.ഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി, മഹേശന്റേത് കൊലപാതകത്തിന് സമാനമായ കാര്യമാണെന്ന് കുടുംബം

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭീതിയില്‍ ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

”അവന്‍ നിരപരാധിയാണ്. അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, ഈ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടിട്ട്. മൈക്രോ ഫൈനാന്‍സ് കോര്‍ഡിനേറ്ററാണ് മഹേശന്‍. അവിടെ സാമ്പത്തിക ക്രമക്കേട് നടന്നതില്‍ മഹേശന് യാതൊരു ബന്ധവുമില്ല. ഇതിനിടയില്‍ മഹേശന്‍ എന്നെ വിളിച്ചിരുന്നു. അവര്‍ കുറേ ചോദ്യം ചെയ്തു. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തു കളയും.’ എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘മഹേശാ, തന്നെ അറസ്റ്റ് ചെയ്യില്ല. താനെന്താ കുറ്റം ചെയ്തത്? താന്‍ പണം മോഷ്ടിച്ചിട്ടില്ലല്ലോ. പണം കൈകാര്യം ചെയ്തതില്‍ യൂണിയന്‍കാരാണല്ലോ കുഴപ്പക്കാരായത്? അതുകൊണ്ട് താനൊന്നും പ്രയാസപ്പെടരുതെന്ന് പറഞ്ഞിട്ട് പോലും സമാധാനമായില്ല. അവന്റെ സമനില തെറ്റിപ്പോയി. അതിന് മറ്റ് പല കാരണങ്ങളും ഉണ്ട്. അതിനു സിബിഐ അന്വേഷണം വേണം”- വെള്ളാപ്പള്ളി പറയുന്നു.

”ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ഒരാളാണ് അയാളെ നശിപ്പിച്ചത്. വിചാരിച്ച സ്ഥാനം കിട്ടാതിരുന്ന ചിലര്‍ മഹേശനെ തേജോവധം ചെയ്യാന്‍ തുടങ്ങി. പ്രത്യേകിച്ച് അവിടെ ഒരു സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപയോളം മഹേശന്‍ അടിച്ചുമാറ്റി എന്ന് ഒരാള്‍ പ്രചരിപ്പിച്ചിരുന്നു. അത് മറ്റു പലരും ഏറ്റുപിടിച്ചു. അതിന്റെ മനോവ്യഥ എത്ര നാളായി മഹേശന്‍ അനുഭവിക്കുന്നു. സുരേന്ദ്രന്‍ എന്ന ഒരു ക്ലാര്‍ക്കാണ് മൈക്രോഫിനാന്‍സ് തട്ടിപ്പിനു ചുക്കാന്‍ പിടിച്ചത്. പുതിയ ഭരണസമിതി വന്ന് തട്ടിപ്പ് കണ്ടുപിടിച്ച അന്ന് അയാള്‍ അവിടെ നിന്ന് മുങ്ങി. പിന്നീടാണ് അത് മഹേശന്‍ എടുത്തു എന്ന് എതിരാളികള്‍ പറഞ്ഞു. പക്ഷേ, മഹേശന്‍ എടുത്തിട്ടില്ല. സാങ്കേതികമായി മഹേശന്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ ആണ് കൊടുത്തത്. പക്ഷേ, അത് തട്ടിപ്പായിരുന്നു. എന്നാല്‍, താനാണ് പണം എടുത്തതെന്നും 6 മാസത്തിനുള്ളില്‍ തിരികെ പണം അടച്ചോളാം എന്നും സുരേന്ദ്രം എഴുതി നല്‍കിയിരുന്നു.”- വെള്ളാപ്പള്ളി തുടര്‍ന്നു.

അതേസമയം മഹേശന്റെ ആത്മഹത്യയില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. മഹേശന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകത്തിന് സമാനമായ കാര്യമാണെന്നും കുടുംബം പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ മനോവിഷമത്തിലാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. കത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും മഹേശിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. എസ്എന്‍ഡിപി യൂണിയനില്‍ അധികാരം മോഹിച്ചവരാണ് മഹേശനെ നശിപ്പിച്ചത്. മഹേശന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker