ആലപ്പുഴ: കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേഴ്‌സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂര്‍ഷ്വാ സ്വഭാവമാണ് അവര്‍ക്ക്. ഇനിയെങ്കിലും തിരുത്തിയാല്‍ അവര്‍ക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിന് ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയതില്‍ സന്തോഷിക്കുന്നു. ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു.
ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല. ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ വ്യക്തിപരമായി ആക്രമിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ അധപതനത്തില്‍ വിഷമമുണ്ട്. കേരളത്തില്‍ ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി അവര്‍ മാറിയെങ്കില്‍ നയത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ‘ചങ്ങനാശേരി തമ്പുരാന്‍’ എന്നുവിളിച്ച് വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. സുകുമാരന്‍ നായരുടെ മകള്‍ക്ക് പിണറായി എല്ലാ സ്ഥാനമാനങ്ങളും നല്‍കി. എന്നാല്‍ പിണറായിയെ സവര്‍ണ നേതൃത്വം ആക്രമിച്ചു. നന്ദികേടിന്റെ പേരാണ് സുകുമാരന്‍ നായര്‍. പിന്നാക്ക വിഭാഗങ്ങളാണ് പിണറായിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.