കായംകുളം: നാമജപവുമായി നടക്കുന്നവരുടെ ദുരുദ്ദേശങ്ങൾ നടപ്പാക്കാൻ അവസരം നൽകരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. ശബരിമലയുമായി ബന്ധപ്പെട്ട ജപത്തിലെ ദുരുദ്ദേശം തിരിച്ചറിഞ്ഞ് വേണം ഏവരും പ്രവർത്തിക്കേണ്ടതെന്നും ഇത് മനസിലാക്കി നിലപാട് സ്വീകരിക്കാൻ സ്പീക്കർ എ എൻ ഷംസീർ തയാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ഗുരുകീർത്തി പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിഞ്ഞോ അറിയാതെയോ വായിൽനിന്ന് വല്ലതും വീണെങ്കിൽ ആലങ്കാരികമായി പറഞ്ഞതാണ് എന്ന നിലയിൽ ഹിന്ദുസമുദായത്തോട് മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ഇതിലൂടെ ഒന്നുകൂടി ഉയരങ്ങളിലേക്ക് സ്പീക്കർ എത്തും. തെറ്റ് ആർക്കും സംഭവിക്കാം. ഇതിൽ ദുരഭിമാനം ആർക്കും നല്ലതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രകോപനങ്ങളിലൂടെ ഹിന്ദുക്കൾക്ക് കോ-ഓഡിനേഷൻ കമ്മിറ്റി ഉണ്ടാക്കാനുള്ള അവസരം ആരും സൃഷ്ടിക്കരുത്. എന്നാൽ, സ്പീക്കർ ഇസ്ലാം മതത്തെയും ക്രിസ്ത്യൻ സമുദായത്തെയും ബുദ്ധമതത്തെയും കുറിച്ച് പറഞ്ഞില്ല. ഹിന്ദു സമുദായത്തെ മാത്രം തോണ്ടി പറയുമ്പോൾ വികാരം ആളിക്കത്തും. ഇതുപോലെയുള്ള ജൽപനങ്ങളാണ് ജാതിചിന്തയും വികാരവും ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.