വീണാ ജോര്‍ജിനെതിരായ ആരോപണങ്ങള്‍’അനാവശ്യം, രാഷ്ട്രീയപ്രേരിതം’ ആരോഗ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ലത്തീൻസഭയുടെ മുഖപത്രത്തിൽ ലേഖനം

ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങള്‍ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമെന്ന് ലത്തീന്‍സഭ ആലപ്പുഴ രൂപത വക്താവ് ഫാ. സേവ്യര്‍ കുടിയാംശ്ശേരി. ലത്തീന്‍സഭയുടെ മുഖപത്രമായ ‘ജീവനാദ’ത്തിലെ തന്റെ പതിവു കോളത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളിലുള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ് ഫാ. കുടിയാംശ്ശേരി. വിഷയാധിഷ്ഠിതമായാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ വേവിച്ച് കഞ്ഞികുടിക്കുന്ന കാലമാണിത്. വിവാദത്തിനുവേണ്ടി വിവാദം ചമയ്ക്കരുത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയകെട്ടിടം തകര്‍ന്നുവീണ് ബിന്ദു എന്ന സ്ത്രീ മരിച്ചു. അപകടമുണ്ടായി അരമണിക്കൂറിനുള്ളില്‍ മന്ത്രി വീണാ ജോര്‍ജ് അവിടെയെത്തിയെന്ന് വിവാദക്കാരെല്ലാം മറന്നുപോകുന്നു. പിന്നാലെ, മന്ത്രി വി.എന്‍. വാസവനും എത്തി. ആശുപത്രി സൂപ്രണ്ടും കൂട്ടരും മന്ത്രിമാരെ ധരിപ്പിച്ചത് ആരുമില്ലാത്ത പഴയ കെട്ടിടമാണ് തകര്‍ന്നതെന്നും മൂന്നുപേര്‍ക്ക് പരിക്കുണ്ടെന്നുമാണ്.

തകര്‍ന്ന കെട്ടിടത്തിനിടയില്‍ ആരെങ്കിലുംപെട്ടുകാണുമെന്ന് ഒരു സൂചനയും കൊടുത്തില്ല. മന്ത്രി അത് പത്രക്കാരോടു പറയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നിര്‍ത്താനോ ഇനി ആരെയും തിരയേണ്ടെന്നോ പറഞ്ഞില്ല. മന്ത്രിയെന്ന നിലയില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതായിരുന്നു. അവസരത്തിനൊത്ത പക്വത കാട്ടിയില്ലെന്നതു നേരാണ്. അതിനവര്‍ രാജിവെക്കേണ്ടതുണ്ടോ? -രൂപത വക്താവ് ചോദിക്കുന്നു.

മന്ത്രി സജി ചെറിയാന്‍ പറഞ്ഞ കാര്യവും വിവാദമാക്കി. അദ്ദേഹത്തിനു ചിക്കുന്‍ഗുനിയ വന്നപ്പോള്‍ സര്‍ക്കാരാശുപത്രിയില്‍ പോയി. അവിടെനിന്ന് സ്വകാര്യാശുപത്രിയിലേക്കു റഫര്‍ ചെയ്തു. അവിടെപ്പോയി സുഖം പ്രാപിച്ചു. ഇതൊരു സ്വാഭാവിക കാര്യമാണ്. മന്ത്രി സര്‍ക്കാരാശുപത്രിയെ തള്ളിപ്പറഞ്ഞുവെന്നും സ്വകാര്യാശുപത്രിയെ പുകഴ്ത്തിപ്പറഞ്ഞുവെന്നും വ്യാഖ്യാനം വന്നു.

കേരളത്തിന്റെ ആരോഗ്യ സംരക്ഷണം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ചേര്‍ന്നാണ് നോക്കുന്നത്. അത്തരമൊരു വിശാല വീക്ഷണമില്ലാത്തവരാണ് സജി ചെറിയാന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിലെന്നതു പോലെ ആരോഗ്യപരിപാലനത്തിലും കേരളം മുന്നിലാണ്. ആ കരുത്തു തകര്‍ക്കുന്നതാകരുത് നമ്മുടെ വാക്കുകളും പ്രവൃത്തികളും- അദ്ദേഹം എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News