CrimeKeralaNews

ചടുലമായ നിലപാടുകൾ വരികളിൽ മാത്രം പോരാ ജീവിതത്തിലും പാലിക്കപ്പെടണം ; ഇത് ഉളുപ്പില്ലായ്മയുടെ ഇരട്ടത്താപ്പ് ; വേടൻ വേട്ടക്കാരനായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

കൊച്ചി:ഹിരണ്‍ ദാസ് മുരളി എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് സുപരിചിതം വേദന എന്ന പേരില്‍ അറിയപ്പെടുന്ന റാപ്പ് ഗായകനെയാണ് . ‘Voice of Voiceless എന്ന റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി . വേടന്‍ എഴുതിയ വരികള്‍ പറയുന്നതത്രയും മണ്ണ് പൊന്നാക്കിയവന്റെ, അരവയറായി കഴിയാന്‍ വിധിക്കപ്പെട്ടവന്റെയാണ് . ജാതി- വര്‍ണ വിവേചനത്തിനെതിരെ ആഞ്ഞടിക്കുന്ന വരികളാണ് വേടന്‍ എല്ലായിപ്പോഴും എഴുതുന്നത്.

എന്നാല്‍, ആ ചടുലമായ വരികള്‍ കുറിച്ച വിരലുകള്‍ക്കെതിരെ ഇന്ന് നിരവധി പേരുടെ തൂലിക ഉയരുകയാണ് . മീടൂ ആരോപണത്തെ തുടര്‍ന്ന് നിരവധി പേരാണ് വേടന്‍ എന്ന റാപ്പ് ഗായകനെതിരെ രംഗത്തുവന്നിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തില്‍ മാപ്പു പറഞ്ഞ് മലയാളം റാപ്പ് ഗായകന്‍ വേടനും എത്തിയിരുന്നു. എന്നാല്‍, വേടന്റെ മാപ്പ് പറച്ചിലിനെയും ആരാധകര്‍ ഉള്‍പ്പെടെ എതിര്‍ക്കുകയാണ് ഉണ്ടായത്.

കുറ്റബോധത്തേക്കാള്‍ കേസ് ആവുമെന്ന ഭയത്തില്‍ നിന്നുമാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ഭൂരിഭാഗവും പറയുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അതോടൊപ്പം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിലും വേടനും ടിക് ടോക് താരമായ അമ്പിളിയുമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ .
അത്തരത്തില്‍ വന്ന ഒരു പ്രതിഷേധ പോസ്റ്റ് ഇപ്രകാരമാണ്.

”Women against sexual harassment എന്ന പേജിനകത്തു വന്ന metoo movementന്റെ ഭാഗമായി വേടന്‍ എന്ന വ്യക്തിയുടെ മൂന്ന് തരത്തിലുള്ള, മൂന്നു ഭാവത്തിലുള്ള പ്രതികരണങ്ങളാണ് ഞാന്‍ ശ്രദ്ധിച്ചത്. ഇത്തരത്തില്‍ മൂന്നു പോസ്റ്റ് ഇടുന്നതിലൂടെ വേടന്‍ എത്ര വേഗം തെറ്റ് മനസ്സിലാക്കി തിരുത്തി എന്നതിനേക്കാള്‍ യഥാര്‍ത്ഥ വിഷയം എത്ര ഭീകരമാണെന്നും, ഗൗരവം ഉള്ളതാണെന്നും, അത് സംഭവിച്ചതാണെന്നും ആണ് ആദ്യം മനസ്സിലാക്കേണ്ടത്.

അതെത്ര തന്ത്രപരമായാണ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലെ….കുറ്റബോധത്തേക്കാള്‍ കേസ് ആവുമെന്ന ഭയത്തില്‍ നിന്നുമാണ് പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത് എന്ന് മനസ്സിലാകുന്നു..

ആദ്യത്തെ പോസ്റ്റില്‍ ആരുടെയോ ഒരു ഗൂഢ പദ്ധതി തനിക്കെതിരെ ഒരുങ്ങുന്നുവെന്നും ഈ വിഷയവുമായി ഒരു ബന്ധവും തനിക്കില്ലെന്ന് വരുത്തി തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ, ഭരണഘടന, പൗരാവകാശം എന്നൊക്കെ പറഞ്ഞ് ആണയിട്ട് ശ്രമിച്ചെങ്കിലും, പോസ്റ്റ് വായിക്കുന്നവര്‍ക്ക് ഇതില്‍ എന്തോ ഒരു കുഴപ്പമുണ്ടല്ലോ? എന്ന് തോന്നിപോവും. അതില്‍ തന്നെ ”എന്റെയും ഈ പറയപ്പെടുന്ന വ്യക്തികളുടെയും സ്വകാര്യത മാനിക്കാന്‍..” എന്ന് എടുത്ത് പറയുന്നുണ്ട്. ഇത് ഇരകളെ ഭീഷണിപ്പെടുത്തും മട്ടില്‍ വേട്ടക്കാരന്‍ അപേക്ഷിക്കുകയായിരുന്നു.

അതോടൊപ്പം വേടന്റെ പോസ്റ്റില്‍ ”ഇതൊരു മാപ്പ് പറച്ചിലോ കുറ്റസമ്മതമോ അല്ല മറിച്ച് എന്നെപ്പറ്റിയുള്ള ഈ ചര്‍ച്ചയെ അഭിസംഭോധന ചെയ്യുകയാണ്” എന്ന് പറയുന്നുണ്ട്. ഇതൊരു വെല്ലുവിളി ആണ് . ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ വിപരീത ഫലമാണ് എന്ന് കൂടി വന്ന എതിര്‍പ്പുകളില്‍ നിന്ന് മനസ്സിലാക്കി ആദ്യത്തെ ഈ പോസ്റ്റ് ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ മുക്കി.

പിന്നെ ഒരു രണ്ടാം വരവാണ് വേടനില്‍ നിന്നുമുണ്ടായത് . ഇനി രണ്ടാമത്തേതില്‍ ”ആരോപണം ഉന്നയിച്ച സ്ത്രീകളും ഞാനും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തില്‍ ചില പെരുമാറ്റങ്ങളാല്‍ വേദനിപ്പിക്കുകയും,സ്ത്രീ വിരുദ്ധമാണെന്ന് അവര്‍ ചൂണ്ടികാണിക്കുമ്പോള്‍ ഞാന്‍ അതിനെ മനസ്സിലാക്കുകയും തെറ്റ് തിരുത്തി മുന്നോട്ടു പോവുകയും ചെയ്യുന്നു . എന്ന് പറയുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മാപ്പില്ലാതെ മുന്നോട്ടു പോകുവായിരുന്നു എന്നാണ് പറയുന്നത്.

ഈ രണ്ടാമത്തേതിന് instagram version ഉം ഉണ്ടായില്ല. അതിന്റെ കാരണം അവിടെയാണല്ലോ യഥാര്‍ത്ഥ ഫാന്‍സ് അസ്സോസ്സിയേഷന്‍ ഉള്ളത്.. അതോടെ അതുവരെ സജീവമല്ലാതിരുന്ന പല സര്‍ക്കിളുകളില്‍ നിന്നൊക്കെ പതിയെ ചോദ്യങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. ഇന്നലെ ക്ലബ് ഹൗസില്‍ ‘ വേടനെയും അമ്പിളിയെയും ന്യായീകരിക്കുന്നവരോട് ‘എന്ന ടൈറ്റിലില്‍ റൂമില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയും കഴിഞ്ഞു.

Survivors തന്നെ നേരിട്ട് വന്ന് ലീഗലായി മുന്നോട്ട് പോകും എന്നറിയിച്ചു. കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടവരുടെ വിരലുകള്‍ അനീതിക്കെതിരെ കുറ്റവാളിയുടെ നേര്‍ക്ക് ചൂണ്ടാന്‍ തുടങ്ങിയപ്പോള്‍ ഇനിയുള്ള ഒന്ന് രണ്ട് സ്റ്റെപ്പുകള്‍ കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് കലാകാരന്‍ ഭാവനയില്‍ കണ്ട് ഭയന്നു എന്ന് വേണം കരുതാന്‍.

ഒരു പുതിയ വേര്‍ഷന്‍ മാപ്പ് ഇന്നലെ വേടന്റെ പേജില്‍ ഇറങ്ങിയിട്ടുണ്ട്. ഉളുപ്പില്ലായ്മയുടെ ഈ ഇരട്ടത്താപ്പിനു മുന്നില്‍ ഒരൊറ്റ ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ. അവരെയൊക്കെ വിളിച്ച് മാപ്പ് പറഞ്ഞോ വേടാ? ഇല്ലെന്നറിയാം അതാണല്ലോ?യഥാര്‍ത്ഥ വേടന്‍ അല്ലേ?എന്ന പോസ്റ്റിനൊപ്പം വേടന്റെ മാപ്പപേക്ഷിക്കുന്നു പോസ്റ്റും ചേര്‍ത്തിട്ടുണ്ട്.

ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍ മാപ്പപേക്ഷിച്ച് പങ്കുവച്ച കുറിപ്പ്
ഇങ്ങനെയാണ് .

പ്രിയമുള്ളവരേ,

തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണപോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നു…

എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായും ഞാന്‍ ബാദ്ധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഇക്കാര്യത്തില്‍ എന്റെ പെരുമാറ്റങ്ങളില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. എന്നില്‍ സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നെ അല്പംപോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീപക്ഷത്തുനിന്ന് കൊണ്ട് എന്റെ അഹന്തയും നീക്കം ചെയ്യാന്‍ സഹായിക്കുന്നവരാണ് ഈ സമയത്തെ ശരിയായ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാന്‍ നഷ്ടമാക്കിയതെന്ന് അവര്‍ ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി. മാത്രവുമല്ല, എന്റെ പ്രിയപ്പെട്ടവര്‍കൂടി അനാവശ്യമായി വേദനിക്കുന്നതിനും ഞാന്‍ ഒരു കാരണമായി.

തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ ഇതിനു മുന്‍പില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം എനിക്കുണ്ടായത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടുവിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്…ആത്മവിമര്‍ശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്.

എന്നിലെ ആണത്തഹുങ്കും പൗരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല. പുരുഷ മേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകാരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നില്‍ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കലചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നു.

തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ, ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം… വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം… അറിയില്ല,

സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നായിരുന്നു വേടന്‍ പങ്കുവച്ച പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button