പോളണ്ടിന് തോൽവി, യൂറോയിൽ സ്ലൊവാക്യയ്ക്ക് വിജയത്തുടക്കം

സെയ്ന്റ് പീറ്റേഴ്സ് ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി സ്ലൊവാക്യ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ തോൽവി.

62-ാം മിനിറ്റിൽ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് പോളണ്ട് മത്സരം പൂർത്തിയാക്കിയത്.മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സമനില ഗോൾ നേടാൻ പോളണ്ടിന് സാധിച്ചില്ല.

18-ാം മിനിറ്റിൽ പോളണ്ട് ഗോൾകീപ്പർ സെസെസ്നിയുടെ സെൽഫ് ഗോളിൽ സ്ലൊവാക്യയാണ് ആദ്യം മുന്നിലെത്തിയത്. വലതുഭാഗത്ത് കൂടി റോബർട്ട് മാക്കിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്ക് ഓടിക്കയറി മാക്ക് തൊടുത്ത ഷോട്ട് സെസെസ്നിയുടെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയത് പോളണ്ട് നിരയായിരുന്നു. എന്നാൽ സറ്റ്കയും പെകാരിക്കും സ്ക്രിയറും ഒന്നിച്ച സ്ലൊവാക്യ പ്രതിരോധം ഉറച്ചുനിന്നതോടെ ലെവൻഡോസ്കിയടക്കമുള്ള പോളണ്ട് താരങ്ങൾക്ക് ഫിനിഷിങ് അസാധ്യമായി.

എന്നാൽ രണ്ടാം പകുതി തുടങ്ങി സെക്കൻഡുകൾക്കകം പോളണ്ട് സമനില ഗോൾ നേടി. റൈബസ് നൽകിയ പാസിൽ നിന്ന് കാരോൾ ലിനെറ്റിയാണ് പോളണ്ടിനായി സ്കോർ ചെയ്തത്.

62-ാം മിനിറ്റിൽ ക്രൈകോവിയാക്കിന് മാർച്ചിങ് ഓർഡർ ലഭിച്ചതിനു പിന്നാലെ 69-ാം മിനിറ്റിൽ മിലാൻ സ്ക്രിനിയറിലൂടെ സ്ലൊവാക്യ ലീഡെടുത്തു. ഹാംസിക്കിന്റെ പാസിൽ നിന്നായിരുന്നു സ്ക്രിനിയറിന്റെ ഗോൾ.

80 മിനിറ്റിന് ശേഷം ലഭിച്ച രണ്ട് സുവർണാവസരങ്ങളും പോളണ്ട് മുൻനിര നഷ്ടപ്പെടുത്തിയതോടെ സമനില മോഹവും അവർക്ക് അന്യമായി. ഇൻജുറി ടൈമിൽ ഡുബ്രാവ്കയുടെ സേവും പോളണ്ടിനെ സമനിലയിൽ നിന്നകറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News