വയനാട്: നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.’തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്.’
‘ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു.’
‘ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം.ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്.’
‘നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.’ അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു