കാപ്പന്‍ ജനങ്ങളോട് കാണിച്ചത് നീതികേടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന്‍ എടുത്ത നിലപാട് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുമ്പ് കാപ്പന്‍ കാണിച്ചത് അനുചിത പ്രവര്‍ത്തിയാണ്. കാപ്പന്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോള്‍ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണ്.

ഒരാള്‍ പോയാലും പാര്‍ട്ടിക്ക് ക്ഷീണമാണ്. പിളരുന്തോറും വളരും എന്ന് പറഞ്ഞത് കെ.എം. മാണി മാത്രമാണ്. കാപ്പന്‍ പാര്‍ട്ടി വിട്ടത് വേദന ഉണ്ടാക്കുന്ന കാര്യമാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News