നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ അയല്‍വാസി വസന്ത പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിക്കരയില്‍ ജീവനൊടുക്കിയ ദമ്പതികളുടെ അയല്‍വാസി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നമുയര്‍ത്തിയാണ് പോലീസ് വസന്തയെ വീട്ടില്‍ നിന്നു മാറ്റിയത്. നിലവില്‍ ഇവര്‍ക്കെതിരേ പരാതിയൊന്നും നിലനില്‍ക്കുന്നില്ലെന്നു പോലീസ് അറിയിച്ചു. മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരേ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുത്തിനാലാണ് പോലീസ് ഇങ്ങനെയൊരു നടപടിയെടുത്തത്.

അതേസമയം നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍, കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍ നിന്ന് പരാതിക്കാരി പിന്‍വാങ്ങിയിരിന്നഒ. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ദമ്പതികള്‍ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു. തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു.

രാജന്റെ മക്കള്‍ക്ക് വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്‌ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി രാജന്റെ മക്കളോട് സംസാരിച്ചു.

ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറല്‍ എസ്പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ, ദമ്പതികളോട് പൊലീസ് മോശമായി പെരുമാറിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News