കൊച്ചി: വരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായത് ഉഗ്രസ്‌ഫോടനം. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്.
തൊട്ടടുത്തുള്ള വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. സംഭവ സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററിലേറെ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായാതായാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനിടെ ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്ന് കുട്ടികളടക്കം ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചിട്ടുള്ളത്. രണ്ടുകുട്ടികളടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഒരാളെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. അതുകൊണ്ട് ലൈസന്‍സോടെയാണോ ഇതിന്റെ പ്രവര്‍ത്തനം എന്നതില്‍ വ്യക്തയില്ല. അത് സംബന്ധിച്ച് അന്വേഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
പടക്കങ്ങള്‍ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികള്‍ ഇപ്പോഴും തുടരുന്നുണ്ട്. അതെല്ലാം നിയന്ത്രണത്തിലാണെന്നാണ് പോലീസും അഗ്നിശമനസേനയും പറയുന്നത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ഇതിനോടകം സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലാണ്ഇവിടെ പ്രവര്‍ത്തിച്ചിരുന്നവര്‍ താമസിച്ചിരുന്നത്. സഹോദരങ്ങളാണ് ഇത് നടത്തി കൊണ്ടിരുന്നത്. ഒന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു.
സ്‌ഫോടനത്തിന് ശേഷം ആകെ പുകയിലും തീയിലും പ്രദേശം മുങ്ങി നിന്നതിനാല്‍ അഗ്നിശമന സേന എത്തിയതിന് ശേഷമാണ് പ്രദേശവാസികള്‍ക്കും മറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനായത്. പുക മാറി നിന്നയുടന്‍ പരിശോധനയ്ക്കിറങ്ങിയപ്പോള്‍ തന്നെ ഒരു മൃതദേഹം കണ്ടെത്തനായതായി ദൃക്‌സാക്ഷി പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയനായിരുന്നില്ല. കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.