തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ ഒന്നാം ഘട്ട ട്രയല്‍ റണ്‍ നടത്തിയിരുന്നു. നേരത്തെ കണ്ണൂര്‍ വരെ എന്ന് പ്രഖ്യാപിച്ച വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി ഇന്നലെ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രയല്‍ റണ്‍ കാസര്‍കോട്ടേക്ക് നീട്ടിയിരിക്കുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.20-നാണ് തീവണ്ടി പുറപ്പെട്ടത്. കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും
തിങ്കളാഴ്ചത്തെ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് കണ്ണൂരിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേഭാരത് ഔദ്യോഗികമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ട്രയല്‍ റണ്‍ നടത്തിവരുന്നത്. വരും ദിവസങ്ങളിലും ട്രയല്‍ റണ്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വിവിധ മേഖലകളില്‍ എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം.