കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും നടക്കാത്ത സില്‍വര്‍ ലൈനിന് പിറകെ പോകുമ്പോള്‍ പ്രായോഗികമായി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപി സമരം ശക്തമാക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി 50 വര്‍ഷത്തേക്ക് പലിശരഹിതമായ സഹായമാണ് അനുവദിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പോലെ കടക്കെണിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് ഏറെ ഗുണകരമാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്നും ബിജെപി കേന്ദ്രത്തില്‍ ഭരിക്കുപ്പോള്‍ മാത്രമാണ് സംസ്ഥാനങ്ങക്ക് കേന്ദ്ര ബജറ്റില്‍ ഇത്തരം സഹായങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.