16ാം വളവില്‍ ഞങ്ങള്‍ ഇവരെ കണ്ടിരുന്നു; ചായ കുടിച്ചു, സെല്‍ഫി എടുത്ത് മടങ്ങിയവരാണ്; 13ല്‍ നിന്നാണ് ഞങ്ങള്‍ കരച്ചിലും വീഴ്ചയുടെ ശബ്ദവും കേട്ടത്; വിങ്ങിപ്പൊട്ടി കരഞ്ഞ് വാല്‍പ്പാറ ദുരന്തത്തിലെ ദൃക്സാക്ഷി ഹാരിസ്

പൊള്ളാച്ചി: മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനം പാല്‍പാറയില്‍ വെച്ച് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടും വിദ്യാലയവും. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. വൈകുന്നേരം 5.15ഓടെയാമണ് ദുരന്തം ഉണ്ടായത്. 13ാം വളവില്‍ നിന്നും നിയന്ത്രണം വിട്ട വാഹനം 600 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ പ്രധാന അധ്യാപികയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ കുറിച്ച് വിങ്ങിപ്പൊട്ടിയാണ് സംഭവത്തിന് സാക്ഷിയായ ചാലിയം സ്വദേശി ഹാരിസ് വിവരിച്ചത്. അപകടത്തിന് തൊട്ടുമുന്‍പ് അധ്യാപക സംഘത്തെ കണ്ടിരുന്നതായി ഹാരിസ് പറഞ്ഞു. 16-ാം വളവില്‍ വെച്ച് ഈ സംഘത്തെ കണ്ടിരുന്നു. അവിടെ വെച്ച് അവര്‍ സെല്‍ഫിയെടുക്കുകയും ചായ കുടിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ 13-ാം വളവില്‍ എത്തിയപ്പോള്‍ വലിയൊരു ശബ്ദവും കരച്ചിലുമാണ് കേട്ടത്. പോയി നോക്കിയപ്പോള്‍ വണ്ടി താഴെ കൊക്കയില്‍ കിടക്കുകയായിരുന്നു.

കൊടുംകാടായതിനാല്‍ അവിടെ റേഞ്ച് കുറവായിരുന്നു. വണ്ടി താഴേക്ക് വീണത് കണ്ടതോടെ കണ്ണു കാണാത്ത അവസ്ഥയിലായിപ്പോയി. പിന്നീട് ഒരു ഫോറസ്റ്ററുടെ ഫോണ്‍ വാങ്ങിയാണ് വിവരം പുറത്തറിയിച്ചത്. അപകടം നടന്ന സ്ഥലത്ത് നാട്ടുകാരായി ആരുമില്ലായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരും കണ്ണൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നുള്ള മറ്റു യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

ഈ റൂട്ടിലെ 42 വളവുകളില്‍ 23 എണ്ണം കഴിഞ്ഞാലുള്ള വളവുകള്‍ അതീവ അപകടകാരികളാണെന്ന് ഹാരിസ് ചൂണ്ടിക്കാട്ടുന്നു. വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലും പ്രയാസമുള്ള ഇത്രയും ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവും ഹാരിസ് ഉയര്‍ത്തി. പരിക്കേറ്റവരെ 108 ആംബുലന്‍സുകളില്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് പോലീസും ആരോഗ്യവകുപ്പും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നിലവില്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്‍പില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കൊക്കയില്‍ നിന്നും ആളുകളെ പുറത്തെത്തിച്ചത്.

തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപികയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക കൊളത്തൂര്‍ പാലൂര്‍ സ്വദേശിനി അജിത (54), അധ്യാപകരായ പാങ്ങ് താണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കൊളത്തൂര്‍ സ്വദേശി ആശ (41), പാങ്ങ് മില്ലുംപടി സ്വദേശി മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പള്ളിപ്പറമ്പ് സ്വദേശിയും സ്‌കൂളിലെ പാചകതൊഴിലാളിയുമായ സാജിത (45), മരിച്ച സുഹറയുടെ മകന്‍ ഹിഷാം (12), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക ഷക്കീല (37) എന്നിവരാണ് മരിച്ചത്.

നാലുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39), ട്രാവലര്‍ വാന്‍ ഡ്രൈവര്‍ ഇന്ത്യനൂര്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫായിസ് (21), പാചകതൊഴിലാളി സാജിതയുടെ മകന്‍ ഷഹദിന്‍ (11) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മസ്‌നീന്‍ (10) പൊള്ളാച്ചിയിലെ ആശുപത്രിയിലെ ചികിത്സയിലാണ്.

വാല്‍പ്പറ അപകടത്തില്‍ മരിച്ച പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത പുലാമന്തോള്‍ പാലൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. പരേതരായ കെ. പത്മനാഭന്‍ നായര്‍, മീനാക്ഷിക്കുട്ടി(റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. റിട്ട. സ്പിന്നിങ് മില്‍ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭര്‍ത്താവ്. മക്കള്‍: അഭിരാമി, അവന്തിക.

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരില്‍ പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശിനിയായ അധ്യാപികയുമുണ്ട്.. കൊളത്തൂരിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളായ ആശ(41)യ്ക്കാണ് വാല്‍പ്പാറയിലെ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ദീര്‍ഘകാലമായി ആശ പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവ്: ജിതേഷ്. മക്കള്‍: ഐശ്വര്യ, അക്ഷര, അശ്വത്. സഹോദരന്‍: അരുണ്‍(മങ്കട പോലീസ് സ്റ്റേഷന്‍).

കളിചിരികളോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എല്‍.പി. സ്‌കൂളില്‍നിന്ന് പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേല്‍ വലിയൊരു നോവായി മാറുമെന്ന് ആരും കരുതിയതല്ല. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിര്‍മയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാല്‍പ്പാറ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും മക്കളും സ്‌കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവില്‍ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പലരുടെയും മരണയാത്രയായി അത് അവസാനിച്ചു.

യാത്രയുടെ തുടക്കത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തുനിന്ന് അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സങ്കടകരമായ ഓര്‍മകളായി അവശേഷിക്കുന്നു. കാടിന്റെ മനോഹാരിതയും വാല്‍പ്പാറയിലെ 40 ഹെയര്‍പിന്‍ വളവുകളും കടന്ന് പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, വിധി അവര്‍ക്കായി കാത്തുവെച്ചത് മറ്റൊരു വഴിയായിരുന്നു. വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് എല്‍.പി. സ്‌കൂളിനും ആ നാടിനും ഇനി ഈ അധ്യാപകരും അവരുടെ പ്രിയപ്പെട്ടവരും നോവാര്‍ന്ന ഓര്‍മ മാത്രം. വേനലവധിക്കാലവും വിഷുവും പ്രമാണിച്ച് കിട്ടിയ ഒഴിവുവേള ആസ്വാദ്യകരമാക്കാന്‍ അധ്യാപകര്‍ നടത്തിയ യാത്രയായിരുന്നു ഇത്. കൂട്ടത്തില്‍ ഒരു അധ്യാപിക മാത്രമാണ് പോവാതിരുന്നതെന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുന്നു.

പ്രകൃതിഭംഗികൊണ്ട് എത്രമേല്‍ ആകര്‍ഷകമാണോ അത്രമേല്‍തന്നെ അപകടവും നിറഞ്ഞതാണ് 60 കിലോമീറ്ററോളം നീണ്ട ഈ പാത. 40 ഹെയര്‍പിന്‍ വളവുകളുള്ള ഈ ചുരത്തിലെ ഓരോ വളവിലും അതീവ ജാഗ്രതയോടെയല്ലാതെ വാഹനമോടിക്കാനാവില്ല. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരുതവണകൊണ്ട് തിരിക്കാന്‍ പ്രയാസമുള്ള ഒട്ടേറെ വളവുകള്‍ ഈ പാതയിലുണ്ട്. നിയന്ത്രണം വിട്ടാല്‍ അഗാധമായ താഴ്ച്ചയിലേക്കാണ് വാഹനം പതിക്കുക എന്നത് യാത്രയെ ഭയാനകമാക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News