KeralaNews

കേരളീയനെന്ന നിലയില്‍ അഭിമാനം തോന്നുന്ന സന്ദര്‍ഭം;വാക്സിൻ ചലഞ്ചിൽ എല്ലാവരും പങ്കെടുക്കണം-മുഖ്യമന്ത്രി

തിരുവനന്തപുരം:കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ വാങ്ങുന്നതിനായി നൽകുന്ന തുക സംഭരിക്കാൻ സി.എം.ഡി.ആർ.എഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു..

കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ഇന്നലെ മുതൽ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നു മാത്രം ഒരു കോടിയിൽ അധികം രൂപയാണ് എത്തിയത്. വാക്സിൻ സ്വീകരിച്ച്, കുറച്ചു പേർക്കുള്ള വാക്സിൻ എന്റെ വക നൽകുന്നു എന്ന നിലപാടാണ് പലരും കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു..

സമൂഹത്തിനാകെയുള്ള വാക്സിനേഷൻ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ ഇക്കാര്യത്തിൽ സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സംഘടനകളും വിവിധ സ്ഥാപനങ്ങളും എല്ലാം തയ്യാറാവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കു വേണ്ടിയും ഒത്തൊരുമിക്കുന്ന ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയനെന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

രണ്ട് ദിവസം മുമ്പാണ് വാക്സിൻചലഞ്ച് (#VaccineChallenge )എന്ന ഹാഷ്ടാഗുമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരായ പ്രതിഷേധമായിട്ടായിരുന്നു ചലഞ്ച്. കേരളം എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുവേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനം. നിമിഷങ്ങൾക്കകം ജനങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു..

വാക്സിൻ ചലഞ്ചിൽ എങ്ങനെ പങ്കെടുക്കാം, ഓൺലൈൻ വഴി എങ്ങനെ പണം നൽകാം

സിഎംഡിആർഫ് ഡൊണേഷൻ പോർട്ടലിലൂടെയാണ് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി donation.cmdrf.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക..

തുറന്നുവരുന്ന ജാലകത്തിൽ Donate എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ സംഭാവന നൽകാനുള്ള ഫോം കാണാം. ഇതിൽ പെയ്മെന്റ് രീതി തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ വഴി പണം നൽകാം..

ശേഷം പേരും ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും അതാത് കോളങ്ങളിൽ പൂരിപ്പിക്കുക. തൊട്ടടുത്ത കോളത്തിൽ നൽകാൻ ഉദ്ദേശിക്കുന്ന തുകയും രേഖപ്പെടുത്തുക. പിന്നീട് ക്യാപ്ച്ചയും നൽകിയ ശേഷം Proceed എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ അതാത് ബാങ്കുകളുടെ പേരുവിവരങ്ങൾ പ്രത്യക്ഷപ്പെടും. ഇവിടെ പ്രസ്തുത ബാങ്കിന്റെ പേരിന് നേരേ ക്ലിക്ക് ചെയ്ത ശേഷം കാർഡ് നമ്പർ അല്ലെങ്കിൽ മറ്റുവിവരങ്ങൾ നൽകി ഇടപാട് പൂർത്തിയാക്കാം. പണം നൽകിയശേഷം രസീത് ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും. ഗൂഗിൾ പേയിൽ Kerala Chief Ministers Distress Relief Fund എന്ന അക്കൗണ്ട് വഴിയും പണം നൽകാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button