തിരുവനന്തപുരം:സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെയാണ് വാക്സിൻ ഡോസുകൾ ലഭ്യമായത്. ലഭ്യമായ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.
ഇന്ന് 2,45,897 പേർക്കാണ് വാക്സിൻ നൽകിയത്. 1,114 സർക്കാർ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1,420 വാക്സിനേഷൻ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,15,51,808 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,52,24,381 പേർക്ക് ഒന്നാം ഡോസ് വാക്സിനും 63,27,427 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേർക്ക് ഒന്നാം ഡോസും 18.02 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് ഇതുവരെയായി 50 കോടി വാക്സിനേഷനുകൾ നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് നന്ദി’- അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്സിൻ എന്ന ക്യാമ്പയിനിൽ കൂടി രാജ്യത്ത് 50 കോടി വാക്സിനേഷനുകൾ നടന്നു കഴിഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താൻ 29 ദിവസവും, 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. എന്നാൽ 50 കോടി പ്രതിരോധ വാക്സിനുകളിലെത്താൻ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
18-44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്സിനുകളും 4,32,281 രണ്ടാം ഡോസ് വാക്സിനുകളും ഇന്ന് നൽകിയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ 18-44 വയസ്സിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി, ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ, സ്ഫുട്നിക് എന്നീ വാക്സിൻ ഡോസുകളാണ് നൽകി വരുന്നത്. ഇതുവരെയായി രാജ്യത്ത് 50,03,48,866 ഡോസ് വാക്സിനുകളാണ് നൽകിയത്. 2.30 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.