കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങാനൊരുങ്ങുകയാണ് വിഫോർ കൊച്ചി അരാഷ്ട്രീയവാദികള്‍ എന്ന ആരോപണത്തിന് മറുപടിയായി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് പോരിനിറങ്ങുന്നത്.
കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി മാതൃകയിലായിരുന്നു വി ഫോര് കൊച്ചിയുടെയും വരവ്. നിലവിലുള്ള രാഷ്ട്രിയ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള പരീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്പ് മാത്രം രൂപീകരിച്ച വിഫോര്‍ കൊച്ചി, പക്ഷെ കൊച്ചി കോര്‍പറേഷനില്‍ നേടിയത് പത്ത് ശതമാനം വോട്ടാണ്.
വി ഫോര്‍ നേടിയ 22,000 വോട്ടുകള്‍ പലഡിവിഷനുകളിലും വിജയപരാജയങ്ങളില്‍ നിര്‍ണായകമായി. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച് നിയമസഭയിലേക്ക് ഒരു കൈനോക്കാനുള്ള തീരുമാനം. വി ഫോര്‍ പീപ്പിള്‍ പാർട്ടി എന്നാണ് പേര്. കൊച്ചി, തിരുവനന്തുപരം ,കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തി. താമസിയാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റർ ചെയ്യും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി മണ്ഡലം തലത്തിലും ജില്ലാ തലത്തിലും കമ്മിറ്റികൾ രൂപീകരിച്ച് വരികയാണ്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് കൊടുത്തതിന് വി ഫോര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.