24.1 C
Kottayam
Tuesday, November 26, 2024

അയോധ്യയിലെ രാമക്ഷേത്രം , മതാന്ധതയുടെ നിത്യസ്മാരകം; പ്രിയങ്കാ ഗാന്ധിയുടെ വീക്ഷണങ്ങളോട് യോജിപ്പില്ലെന്ന് ബല്‍റാം

Must read

കൊച്ചി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് എംഎല്‍എ വി ടി ബല്‍റാം.

മതാന്ധതയുടേയും വര്‍ഗ്ഗീയതയുടേയും ആള്‍ക്കൂട്ട വെറുപ്പിന്റേയും നിരപരാധികളുടെ ചോരച്ചൊരിച്ചിലിന്റേയുമൊക്കെ നിത്യസ്മാരകമായിട്ടാണ് ഈ പുതിയ കെട്ടിടം അവിടെ ഉയരാന്‍ പോകുന്നത് എന്നാണ് ഒരു ഭാരതീയ പൗരന്‍ എന്ന നിലയില്‍ എന്റെ മനസ്സില്‍ തോന്നുന്നത്.
ആയിരക്കണക്കിനാളുകള്‍ പാന്‍ഡമിക് മൂലം ദിവസം തോറും മരിച്ചുവീഴുന്ന ഒരു രാജ്യത്ത് നല്ല ആശുപത്രികള്‍ക്ക് പകരം ആരാധനാലയങ്ങളാണ് ഇപ്പോഴും ഭരണകൂടം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് നല്‍കുന്ന വൈകാരികാനുഭൂതിയാണ് ജനങ്ങള്‍ക്കും പ്രധാനമെങ്കില്‍, പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
”ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി നിലകൊള്ളുകയാണ്. ഭാരതീയ ബൗദ്ധിക മണ്ഡലം രാമായണഗാഥകൾ വഴി ധർമ്മം, നീതി, കർത്തവ്യപാലനം, ത്യാഗം, ഉദാത്തത, സ്നേഹം, വീര്യം, സേവനം എന്നിങ്ങനെയുള്ള മൂല്യങ്ങളാൽ പ്രചോദിതമാണ്. വടക്കു മുതൽ തെക്ക് വരേക്കും കിഴക്കു മുതൽ പടിഞ്ഞാറു വരേക്കും വ്യത്യസ്ത രൂപങ്ങളിലാണ് രാമകഥ നിലനിന്നുപോരുന്നത്. ശ്രീഹരിയുടെ അസംഖ്യം രൂപങ്ങളേപ്പോലെത്തന്നെ രാമകഥകളും അനേകമാണ്.
യുഗയുഗാന്തരങ്ങളായി ഭഗവാൻ രാമൻ്റെ ചരിതം ഭാരതത്തിൽ മനുഷ്യസമൂഹത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു ചരടായി മാറിയിരുന്നു. ഭഗവാൻ രാമൻ ആശ്രയവും ത്യാഗവുമാണ്. രാമൻ ശബരിയുടേതാണ്, സുഗ്രീവൻ്റേതും. രാമൻ വാത്മീകിയുടേതാണ്, ഭാസൻ്റേതും. രാമൻ കമ്പൻ്റേതാണ്, എഴുത്തച്ഛൻ്റേതും. രാമൻ കബീറിൻ്റേതാണ്, തുളസീദാസിൻ്റേതും രവിദാസിൻ്റേതുമാണ്. എല്ലാവർക്കും നൽകുന്നവനാണ് രാമൻ. ഗാന്ധിജിയുടെ രഘുപതി രാഘവ രാജാ രാമൻ എല്ലാവർക്കും സദ്ബുദ്ധി നൽകുന്നവനാണ്. വാരിസ് അലി ഷാ പറയുന്നത് റബ്ബ് തന്നെയാണ് രാമൻ എന്നാണ്.
ദേശീയ കവി മൈഥിലീ ശരൺ ഗുപ്ത രാമനെ “ദുർബ്ബലൻ്റെ ബല”മെന്നാണ് വിശേഷിപ്പിക്കുന്നത്. യശശ്ശരീരനായ കവി നിരാലയാവട്ടെ തൻ്റെ വരികളിലൂടെ രാമനെ ശക്തിയുടെ മൗലിക ഭാവനയായിട്ടാണ് കാണുന്നത്. രാമൻ ധീരതയാണ്, രാമൻ കൂടിച്ചേരലാണ്, രാമൻ സംയമനമാണ്, രാമൻ സഹകരണമാണ്, രാമൻ എല്ലാവരുടേതുമാണ്. രാമൻ സകല മനുഷ്യരുടേയും നന്മയാണാഗ്രഹിക്കുന്നത്. അതിനാലാണവനെ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നത്.
വരാനിരിക്കുന്ന 2020 ആഗസ്ത് 5 ന് രാമ മന്ദിരത്തിൻ്റെ ഭൂമിപൂജയുടെ പരിപാടി വച്ചിരിക്കുകയാണ്. ഭഗവാൻ രാമൻ്റെ അനുഗ്രഹത്താൽ ഈ പരിപാടി അദ്ദേഹത്തിൻ്റെ യഥാർത്ഥ സന്ദേശമായ ദേശീയ ഐക്യവും, സാഹോദര്യവും സാംസ്ക്കാരിക സമന്വയവും പ്രസരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നായി മാറട്ടെ.”
പ്രിയങ്കാ ഗാന്ധി വാധ്രയുടെ ഹിന്ദിയിലെ സന്ദേശത്തിൻ്റെ എനിക്ക് മനസ്സിലായ പരിഭാഷയാണിത്. ഒറിജിനൽ വാക്കുകൾ ചിത്രമായി നൽകുന്നു. ഈ സന്ദേശമാണ് വലിയ വളച്ചൊടിക്കലുകൾക്കും വിവാദങ്ങൾക്കും ചാനൽ ചർച്ചകൾക്കും കേരളത്തിലിപ്പോൾ വഴിതെളിച്ചിരിക്കുന്നത്.
രാമസങ്കൽപ്പത്തെ പോസിറ്റീവായും നെഗറ്റീവായും പലരും ഉപയോഗപ്പെടുത്തിയതിൻ്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. മത വൈരത്താൽ പരസ്പരം വാളെടുക്കുന്നവർക്ക് സദ്ബുദ്ധി നൽകാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ളവർ ഇന്നലെകളിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ സഹിഷ്ണുതയുടേയും ത്യാഗത്തിൻ്റേയും സഹോദര സ്നേഹത്തിൻ്റേയും ആ രാമസങ്കൽപ്പം ഓർമ്മപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ ഇവിടെ പ്രിയങ്ക ഗാന്ധി വാധ്ര ചെയ്യുന്നതായി കാണുന്നത്. ദേശീയ ഐക്യവും ഇന്ത്യയിലെ ജനങ്ങൾക്കിടയിലെ സാഹോദര്യവും തകർക്കാനുള്ള ഒന്നായി ആഗസ്ത് 5 ലെ പരിപാടിയെ മാറ്റുന്നവർക്കെതിരായ മുന്നറിയിപ്പും പ്രിയങ്ക നൽകുന്നു.
വ്യക്തിപരമായി ഒരു മത വിശ്വാസിയല്ലാത്തത് കൊണ്ടുതന്നെ പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് എനിക്ക് വലിയ യോജിപ്പാന്നും ഇല്ല, അവരുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല. അയോധ്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും ഇനി പുതിയ അമ്പലങ്ങളും പള്ളികളുമൊക്കെ പണിയാൻ മെനക്കെടുന്നത് വേസ്റ്റ് ഓഫ് പബ്ലിക് റിസോഴ്സസ് ആണെന്നാണ് എൻ്റെ വ്യക്തമായ അഭിപ്രായം. പണ്ടത്തെ കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ളവ അവയുടെ ചരിത്ര പ്രാധാന്യവും ആർക്കിടെക്ച്ചറൽ മൂല്യവും ഒക്കെ പരിഗണിച്ച് മാന്യമായി സംരക്ഷിക്കപ്പെടണം എന്നേ എനിക്കുള്ളൂ. അയോധ്യയിലാണെങ്കിൽ അങ്ങനെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നത് ഇന്ത്യ സ്വതന്ത്രമാവുമ്പോൾ, ഇന്ത്യ രാജഭരണവും വിദേശ ഭരണവുമൊക്കെ ഉപേക്ഷിച്ച് ഒരു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് ആയി മാറിയപ്പോൾ, അവിടെ എന്താണോ നിലനിന്നിരുന്നത് ആ സ്ട്രക്ച്ചറായിരുന്നു. ആ ഘട്ടത്തിൽ അതൊരു പളളിയായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കൂട്ടം ക്രിമിനലുകൾ അത് തല്ലിത്തകർത്തു കൊണ്ട് ഇപ്പോൾ പുതുതായി ഉണ്ടാക്കാൻ നോക്കുന്ന സ്ട്രക്ച്ചറിനോട് യാതൊരു വൈകാരിക അടുപ്പവും എനിക്ക് തോന്നുന്നില്ല. മതാന്ധതയുടേയും വർഗ്ഗീയതയുടേയും ആൾക്കൂട്ട വെറുപ്പിൻ്റേയും നിരപരാധികളുടെ ചോരച്ചൊരിച്ചിലിൻ്റേയുമൊക്കെ നിത്യസ്മാരകമായിട്ടാണ് ഈ പുതിയ കെട്ടിടം അവിടെ ഉയരാൻ പോകുന്നത് എന്നാണ് ഒരു ഭാരതീയ പൗരൻ എന്ന നിലയിൽ എൻ്റെ മനസ്സിൽ തോന്നുന്നത്.
ചിലർക്ക് മറിച്ച് അഭിപ്രായമുണ്ടാകാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ തീർച്ചയായും മാനിക്കുന്നു. ഇന്ത്യയുടെ, പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ, സോഷ്യൽ സൈക്കിയിൽ രാമൻ എന്ന പ്രതീകം ചെലുത്തുന്ന സ്വാധീനമെന്തെന്ന് സാമാന്യബുദ്ധിയും സാമാന്യ ലോക പരിചയവുമുള്ള മുഴുവനാളുകൾക്കും അറിയാം. ആ പ്രതീകത്തെ ഏകപക്ഷീയമായി തളളിക്കളയുകയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിൻ്റെ വൈകാരിക ഇന്ധനമായി വിട്ടുകൊടുക്കുകയും ചെയ്യുന്നത് ബുദ്ധിമോശമായി കരുതുന്നവരും ഒരുപാടുണ്ടാകാം. ഏത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും വിജയിക്കണമെങ്കിൽ കൂടെ ജനങ്ങൾ വേണമല്ലോ!
ഓരോ സമൂഹത്തിൻ്റേയും രാഷ്ട്രീയ പ്രബുദ്ധതയുടേയും സാമൂഹിക വിവേകത്തിൻ്റേയുമടിസ്ഥാനത്തിലാണ് അവിടെ ചർച്ചയായി ഉയരുന്ന വിഷയങ്ങൾ തീരുമാനിക്കപ്പെടുന്നത്. ആയിരക്കണക്കിനാളുകൾ പാൻഡമിക് മൂലം ദിവസം തോറും മരിച്ചുവീഴുന്ന ഒരു രാജ്യത്ത് നല്ല ആശുപത്രികൾക്ക് പകരം ആരാധനാലയങ്ങളാണ് ഇപ്പോഴും ഭരണകൂടം നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, അത് നൽകുന്ന വൈകാരികാനുഭൂതിയാണ് ജനങ്ങൾക്കും പ്രധാനമെങ്കിൽ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും അമ്പലം പണി തുടങ്ങിയാൽ കൊറോണ വൈറസ് പമ്പയും ഗംഗയും സരയൂവുമൊക്കെ കടക്കും എന്നാണല്ലോ കേൾക്കുന്നത്. കാത്തിരുന്ന് കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week