എന്‍.സി.പിയുടെ മലക്കം മറിച്ചില്‍ ലജ്ജാകരം; പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ
പാലക്കാട്: മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പിക്ക് പിന്തുണ നല്‍കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം
അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ എൻസിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകൾക്കുമപ്പുറം ബിജെപിയുടെ ഒരു സർക്കാരിനെ അധികാരത്തിൽ നിന്നകറ്റി നിർത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസ്സുള്ളവർ നോക്കിക്കണ്ടത്. അതിനുവേണ്ടിയാണ് മനസ്സില്ലാ മനസ്സോടെ പല വിട്ടുവീഴ്ചകൾക്കും സന്നദ്ധമായത്. എന്നാൽ അതിനെയെല്ലാം അട്ടിമറിച്ച് രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും സ്വന്തം വിശ്വാസ്യത പൂർണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം.