കൊച്ചി:കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി (Liver transplant) ചികിത്സയില്‍ തുടരുന്ന നടി കെ.പി.എ.സി. ലളിതയുടെ (KPAC Lalitha) ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിക്കുകയാണ്.
പതിറ്റാണ്ടുകളായി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനേത്രിയെ ഇത്തരം സാഹചര്യത്തില്‍ ക്രൂശിക്കുന്നതിനെ എതിര്‍ത്തും ആള്‍ക്കാര്‍ രംഗത്തുണ്ട്.
തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസ് (P.T. Thomas) ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.പി.എ.സി. ലളിതയ്ക്കു പിന്തുണയുമായി എത്തിയിരുന്നു. ഇപ്പാഴിതാ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍.
കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണം ഉള്ളവരെ കൂടുതല്‍ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവര്‍ക്ക് വേദന വരുമ്പോള്‍ തലോടുവാന്‍ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് ????
സിനിമാമേഖലയില്‍ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാന്‍ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.
എങ്കിലും ഒന്ന് ഞാന്‍ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.
പണം ഉള്ളവരെ കൂടുതല്‍ പണക്കാര്‍ ആകുന്നതിനും അവരെ കൂടുതല്‍ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കില്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ? സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകള്‍ക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അര്‍ഹിക്കുന്നു.??
ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാന്‍ ജനായത്ത ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുന്‍പിലൂടെ സര്‍ക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സര്‍ക്കാര്‍ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതില്‍ നീതി വേണം.
നീതി എല്ലാവര്‍ക്കും ലഭിക്കണം ഒരു കൂട്ടര്‍ക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കില്‍, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികള്‍ ഞാന്‍ കടം എടുക്കുകയാണ്.
പണമുള്ളോര്‍ നിര്‍മ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാന്‍ ഇല്ലേ ഞാന്‍ പിന്‍വലിപ്പൂ..?? ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍ ? എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തില്‍ പക്ഷാഭേദപരമായി സംഭാവന നല്‍കി സമൂഹമധ്യത്തില്‍ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.