ന്യൂഡൽഹി: വയനാട്ടിലെ സംഭവങ്ങളിൽ മുഖ്യമന്ത്രിയേയും വനംമന്ത്രിയേയും ആരോഗ്യമന്ത്രിയേയും രാഹുൽ ഗാന്ധിയേയും കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി വി. മുരളീധരൻ. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുറിയടച്ച് ടി.വി. കാണുകയല്ലാതെ വനംമന്ത്രി എന്താണ് ചെയ്യുന്നതെന്ന് മുരളീധരൻ ചോദിച്ചു.
വനംമന്ത്രി എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിൽ ഒരു സംഭവം നടക്കുമ്പോൾ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുറിയടച്ച് ടി.വി. കാണുകയാണ്. എന്താണ് ടി.വി.യിൽ ഇത്രയധികം കാണുന്നത് എന്നറിയില്ല. എന്താണ് കാണുന്നത് എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ വെറുമൊരു ടൂറിസ്റ്റ് മാത്രമാണ്. അഞ്ചോ ആറോ മാസം കൂടുമ്പോൾ മാത്രമാണ് അദ്ദേഹം മണ്ഡലത്തിൽ സന്ദർശനം നടത്തുന്നത്. ഒരാഴ്ചയിലധികമായി വയനാട്ടിലെ ജനങ്ങൾ, നേരിടുന്ന വന്യജീവി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്- വി മുരളീധരൻ കൂട്ടിച്ചേർത്തു.
ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ലഭിക്കാത്തതാണ് വനംവകുപ്പ് വാച്ചറായ പോളിന്റെ മരണത്തിന് കാരണമായതെന്ന് പറഞ്ഞ മുരളീധരൻ, ജനങ്ങളെ ചികിത്സിക്കാൻ മതിയായ സംവിധാനങ്ങളുള്ള മെഡിക്കൽ കോളേജ് വയനാട്ടിൽ ഇല്ലെന്നും രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനാവശ്യമായത് ചെയ്യണമെന്നും കൂട്ടിച്ചേർത്തു.
മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസുകാർ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അവരെ കണ്ട് മനസ്സിലാക്കണം’ എന്നായിരുന്നു മറുപടി. ലോകം മുഴുവൻ എന്താണ് നടക്കുന്നത് എന്ന് കേരളത്തിലെ കോൺഗ്രസുകാർ കണ്ണുതുറന്ന് കാണുക. ബിജെപിയുമായി ചേരാൻ താത്പര്യമുള്ള എല്ലാവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.