തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരമാണ്. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സര്‍ക്കാര്‍ മദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്.
ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് ശല്യമുണ്ടാവാത്ത രീതിയിലായിരിക്കും മദ്യക്കടകള്‍ തുറക്കുകയെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു.
കെഎസ്ആര്‍ടിസിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചതായുമായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കെഎസ്ആര്‍ടിസിയില്‍ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.