പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ പേരിലുള്ള പോസ്റ്റര്‍ പതിക്കാന്‍ ആരുടേയും നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പോസ്റ്റര്‍ പതിച്ച സെന്തില്‍. പോസ്റ്റര്‍ പതിച്ചത് അന്നേരത്തെ ആവേശത്തിലാണ്. ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ തന്നെ പോസ്റ്റര്‍ മാറ്റിയെന്നും സെന്തില്‍ വ്യക്തമാക്കി. പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ കൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സെന്തില്‍.
‘ആരും പറഞ്ഞിട്ടല്ല. റെയില്‍വേ സ്‌റ്റേഷനില്‍ പോസ്റ്ററുമായി എല്ലാവരും നിന്നിരുന്നു. മഴവെള്ളം കണ്ടപ്പോള്‍ അതില്‍ വെച്ചു. പോലീസുകാര്‍ പറഞ്ഞപ്പോള്‍ തന്നെ എടുത്തുമാറ്റി. ഞാന്‍ മാത്രമല്ല, മറ്റ് ഒത്തിരിപ്പേര്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്.’, സെന്തില്‍ പറഞ്ഞു.
അതേസമയം, ആര്‍.പി.എഫ്. കേസ് എടുത്ത് അന്വേഷിക്കട്ടെയെന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ പ്രതികരിച്ചു. ‘യഥാര്‍ഥത്തില്‍ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല. വന്ദേഭാരത് ഷൊര്‍ണൂരില്‍ നിര്‍ത്തിയപ്പോള്‍ നല്ലമഴയുണ്ടായിരുന്നു.
ഒന്ന് രണ്ട് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ അവിടെ പിടിപ്പിച്ചു. അവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ ചിത്രം ലോകം മുഴുവന്‍ വൈറലാക്കി ബി.ജെ.പിയും സംഘപരിവാറും രാജ്യദ്രോഹക്കുറ്റമാക്കി അവതരിപ്പിക്കുകയാണ്. 30 സെക്കന്‍ഡിനകം ആര്‍.പി.എഫും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞപ്പോള്‍ അതുപോലെ തന്നെ എടുത്ത് മാറ്റി. ഒരിക്കലും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല.’, എം.പി. വ്യക്തമാക്കി.