വന്ദേഭാരതിൽ ചോർച്ച; ബോഗിയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങി, കണ്ണൂർ സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തിയിട്ടിരുന്നത്.

ചൊവ്വാഴ്ച കനത്ത മഴയായിരുന്നു കണ്ണൂരില്‍. അതിനു ശേഷം ഇന്നു പുലര്‍ച്ചെയാണ് ട്രെയിനിനുള്ളിലെ ചോര്‍ച്ച ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വലിയ ചോര്‍ച്ചയല്ലെന്നും ചെറിയ ചോര്‍ച്ച ആണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. ഒരു ബോഗിയ്ക്കുള്ളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായത്. എക്‌സിക്യുട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്.

അതേസമയം, ചോര്‍ച്ചയുണ്ടായത് സര്‍വീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ കാസര്‍കോട്ടേക്ക് എത്തിക്കും. ചോര്‍ച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News