26.8 C
Kottayam
Wednesday, May 8, 2024

മെക്കിട്ടുകയറണ്ട,ഒന്നും പറയാത്തത് പ്രായത്തെ മാനിച്ച്, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

Must read

തിരുവനന്തപുരം: അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിന് ശക്തമായ താക്കീത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര് നോട്ടീസ് നല്‍കിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അത് വേണ്ട. അത് അംഗീകരിക്കാനാകില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓട് പൊളിച്ചെത്തിയ ആളല്ല. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും അനുഭവ സമ്പത്തിനിനെയും മാനിക്കണം. മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ നന്നായി എനിക്കും തിരിച്ചു പറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗത്തിൻ്റെ പൂർണ്ണരൂപം:

നാട്ടില്‍ എന്ത് വൃത്തികെട്ട കേസ് വന്നാലും സി.പി.എമ്മുകാര്‍ അതില്‍ പ്രതികളാകുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏത് കേസെടുത്താലും അതിലൊക്കെ സി.പി.എം- ഡി.വൈ.എഫ്.ഐ ബന്ധമുണ്ടാകും. ഇവര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണ്. രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കേസ് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം പോലുമല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിരന്തരമായി നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും നിയമസഭയില്‍ കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന്റെ വിഷയ ദാരിദ്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

നിങ്ങള്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഉപയോഗിച്ച സംഘങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്കു തന്നെ ഭീഷണിയായിരിക്കുകയാണ്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി നിങ്ങളുടെ സൈബര്‍ പോരാളി ആയിരുന്നില്ലേ? എല്ലാം തുറന്നു പറയേണ്ടി വരുമെന്ന് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലും പ്രതിപ്പട്ടികയിലുണ്ട്. ഈ പ്രതികളുടെ പേര് നിയമസഭയില്‍ പറയാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. – വി.ഡി സതീശന്‍ പറഞ്ഞു.

ധീരന്‍മാരായ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ സമരവുമായി പോലും ഈ ക്രിമിനലുകളെ താരതമ്യം ചെയ്യുകയാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമനലുകള്‍ ജയിലില്‍ കഴിയവെ പുറത്തെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഇടപെടാന്‍ സംസ്ഥാന പൊലീസിന് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി പറയന്നത്. എന്നാല്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത് പൊലീസാണെന്നും മുഖ്യമന്ത്രി പറയന്നു.

അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത് പൊലീസല്ല, കസ്റ്റംസാണ്. ഇയാളുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സ്വര്‍ണകവര്‍ച്ചാ കേസ് മാത്രമായി ഇതിനെ കാണാനാകില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ജിയിലില്‍ കിടക്കുന്ന പ്രതികള്‍ പുറത്തെ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പല കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ടി.പി കൊലക്കേസ് പ്രതികള്‍ക്ക് പങ്കുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യണ്ടത് പൊലീസാണ്. രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ ഈ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ചതിനാല്‍ അവര്‍ എന്തെങ്കിലും തുറന്നു പറയുമോ എന്ന പേടിയാണ് സര്‍ക്കാരിന്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ക്രിമിനലുകള്‍ക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകരെ സര്‍ക്കാര്‍ രംഗത്തിറക്കിയത്. ജയിലില്‍ എല്ലാം ഭദ്രമാണെന്നാണ് പറയുന്നത്. ശരിയാണ്, ജയില്‍ ഇനി എ.സി ആക്കാന്‍ മാത്രമെ ബാക്കിയുള്ളൂ. ബാക്കി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്.

സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് റമീസ് വാഹനാപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ദൂരൂഹത സംശയിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. റമീസിന്റെ മരണം സ്വാഭാവികമാണെന്ന് ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുത്. സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പേര് പോലും നിയമസഭാ രേഖകളില്‍ വരുതെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പ്രതികളുടെ പേര് പറയാന്‍ തയാറാകാത്തതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പൊലീസ് കാട്ടുനീതിയാണ് നടപ്പാക്കുന്നത്. വാക്‌സിന്‍ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ നിലമേല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തു പേരെ ജയിലിലടച്ചു. അതേസമയം കൈനഗിരി പഞ്ചായത്തില്‍ ഡോക്ടറുടെ ചെകിട്ടത്ത് അടിച്ച സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. പെട്രോള്‍ പമ്പുകളില്‍ സമരം ചെയ്ത യു.ഡി.എഫുകാര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രത്തിനെതിരെ സമരം ചെയ്ത സി.പി.എമ്മുകാര്‍ക്കെതിരെ കേസില്ല.- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week