തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് സംസ്ഥാനത്ത് സിപിഎം-ബിജെപി അവിഹിതബന്ധം ഉണ്ടെന്നും അത്തരത്തിലുള്ള ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
കേന്ദ്ര ഏജന്‍സികള്‍ എടുക്കുന്ന കേസുകള്‍ വച്ച് മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ടത്. എന്തിനാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്.
ഈ കൂടിക്കാഴ്ചകളിലാണ് ലാവ്ലിന് ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇ.ഡി. അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്. ഈ അവിഹിത ബന്ധത്തെ കൂടുതല്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സതീശന് പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ജനരോഷമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും വി.ഡി.സതീശന് പറഞ്ഞു.
തൃശൂരില്‍ അപ്രതീക്ഷിത പരാജയം ഉണ്ടായി. തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ മുൻകൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നടക്കുകയും സിപിഎം നേതാക്കളെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു അറസ്റ്റ് പോലും ഉണ്ടായില്ല. അപ്പോള്‍ ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
സിപിഎം നേതാക്കള്‍ അറസ്റ്റിലാകുമെന്ന് അവസാനഘട്ടം വരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് സിപിഎം അവിടെ ഒരു ധാരണ ഉണ്ടാക്കിയിരിക്കുകയായിരുന്നു. അവിഹിതമായ ബന്ധം സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ഉണ്ടായതായി ഞങ്ങള്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. അതാണ് അവിടെ സംഭവിച്ചത്.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ തൃശൂര്‍ പൂരം പൊലീസ് ഇടപെട്ട് കലക്കുന്ന സംഭവവും ഉണ്ടായി. ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് പൂരം കലക്കുന്നത്. പൂരം കലങ്ങിയതിന്റെ പ്രതിഷേധവും അമര്‍ഷവും ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍. ആലത്തൂരില്‍ ചെറിയ മാര്‍ജിനില്‍ പരാജയപ്പെട്ടതിനെക്കുറിച്ചും പാര്‍ട്ടി പഠിക്കുമെന്നും സതീശൻ പറഞ്ഞു.