തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബിജെപി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണെന്നും സതീശന്‍ പറഞ്ഞു.
പതിയ പരിഷ്‌കാരങ്ങളെല്ലാം ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്നതാണ്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ പിഴവ് ദ്വീപിലെ ആരോഗ്യമേഖലയെ തകര്‍ത്തു. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനാണെന്നും സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്കിയിട്ടുണ്ട്.