33.4 C
Kottayam
Monday, May 6, 2024

‘ഞാന്‍ വിളമ്പിതന്ന അത്താഴം കഴിച്ചിട്ട് നീ എന്റെ മകളെ കൊന്നല്ലോ…’ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൂരജിന് നേരെ അക്ഷോഭ്യയായി ഉത്രയുടെ അമ്മ

Must read

അഞ്ചല്‍: മകളെ കൊലപ്പെടുത്തിയ കേസില്‍ മരുമകനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നെഞ്ചുപൊട്ടി ഉത്രയുടെ അമ്മ. അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോളായിരുന്നു അമ്മ വികാരഭരിതയായി നിലവിളിച്ചത്. ‘ഞാന്‍ വിളമ്പിതന്ന അത്താഴം കഴിച്ചിട്ട് നീ എന്റെ മകളെ കൊന്നല്ലോ.. എന്റെ മകളെ കൊന്നവനെ എന്റെ വീട്ടില്‍ കയറ്റരുത്.. എന്നിങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു പെറ്റമ്മയുടെ കരച്ചില്‍. അമ്മയെ നിയന്ത്രിക്കാന്‍ തൊട്ടടുത്ത് നിന്ന മകനു പോലും കഴിയാത്ത സ്ഥിതിയായിരിന്നു. ഒടുവില്‍ പോലീസ് സംഘത്തിലെ വനിതാ അംഗം അമ്മയെ പിടിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയ ശേഷമാണ് സൂരജിനെ വീടിനുള്ളിലേക്ക് കടത്തിയത്.

ഉത്ര കൊല്ലപ്പെട്ട കിടപ്പുമുറിയിലേക്ക് കടന്നതോടെ സൂരജ് പൊട്ടിക്കരഞ്ഞു. ഉത്രയുടെ അച്ഛനെ നോക്കി ‘അച്ഛാ ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകൊണ്ടാണ് പോലീസിന്റെ തെളിവെടുപ്പ് നടപടിയോട് സൂരജ് സഹകരിച്ചത്. മുറിയില്‍ നടന്ന സംഭവങ്ങള്‍ പോലീസിനു മുമ്പാകെ സൂരജ് വിവരിച്ചു. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്താന്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാറിനായി തെരച്ചില്‍ നടത്തി. പഴയ വീടിനുനോട് ചേര്‍ന്ന് വേസ്റ്റ് ഇടുന്ന സ്ഥലത്തുനിന്ന് ജാറും പോലീസ് കണ്ടെത്തു. ജാര്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുമ്പോഴും സൂരജ് പൊട്ടിക്കരയുന്നുണ്ടായിരുന്നു.

ജാര്‍ വിരലടയാള വിദഗ്ധര്‍ പരിശോധിച്ച ശേഷം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോറന്‍സിക് വിദഗ്ധരും ജാര്‍ പരിശോധിക്കും. നാട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് സൂരജിനെ രാവിലെ 6.45 ഓടെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.അശോകിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. അരമണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങി. കൊല്ലം റൂറല്‍ എസ്.പിയുടെ ഓഫീസിലേക്ക് കൊണ്ടുപോയ സൂരജിനെയും സഹായി സുരേഷിനെയും നാലു മണിയോടെ കോടതിയില്‍ ഹാജരാക്കും.

അതേസമയം, കുട്ടിയെ വിട്ടുകിട്ടാനുള്ള നിയമ പോരാട്ടം നടത്തുമെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരനും പറഞ്ഞു. അവര്‍ക്കൊപ്പം കഴിയുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാണ്. കുട്ടിയെ തിരിച്ചുകിട്ടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തന്നെയും ഭാര്യയേയും മകനെയും സഹോദരന്റെ മകനെയും കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ് അവര്‍. ഏതോ ക്രിമിനല്‍ വക്കീലിന്റെ ഉപദേശപ്രകാരമാണ് അവര്‍ നീങ്ങിയതെന്നും വിജയസേനന്‍ പറഞ്ഞു. ഒരു വയസ്സും ഏതാനും മാസവും മാത്രമാണ് കുട്ടിയുടെ പ്രായം.

സൂരജ് ഒരിക്കലും ഇത്തരത്തിലുള്ള ഒരാളാണെന്ന് കരുതിയിരുന്നില്ലെന്ന് ഉത്രയുടെ സഹോദരന്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ വലിയ ഷോ നടത്തിയ അയാള്‍ പോലീസ് വണ്ടിയില്‍ കൂസലില്ലാതെയാണ് ഇരുന്നത്. ഒരു കൊടുംകുറ്റവാളിയുടെ പ്രകൃതമാണ് അയാള്‍ക്ക്. സൂരജിനെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അയാളുടെ കുടുംബത്തിന്റെ ആരോപണവും ഉത്രയുടെ കുടുംബം നിഷേധിച്ചു. അവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. അത് മറയ്ക്കുന്നതിനു വേണ്ടി അവര്‍ ആരോപിക്കുന്നതാണ്. അവര്‍ പുറത്തുനിന്നാലെ സൂരജിനെ രക്ഷിക്കുള്ള ഇടപെടല്‍ നടത്താന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. സൂരജിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആരോപണം.

അതേസമയം, തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനായി ലക്ഷങ്ങള്‍ മുടക്കുമെന്നും പറഞ്ഞിരുന്നു. അതിനിടെ, കുഞ്ഞിനെ സൂരജിനൊപ്പം വിട്ട നിര്‍ദേശം താത്ക്കാലികമാണെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷന്‍ കെ.പി സജിനാഥ്പറഞ്ഞു. കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് സൂരജ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മറ്റാരും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും. കുട്ടിയെ സൂരജിന് വിട്ടുനല്‍കിയ സംഭവത്തില്‍ സമിതി അന്വേഷണം നടത്തും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം. ഉത്രയുടെ മരണത്തില്‍ സൂരജിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week