27.3 C
Kottayam
Wednesday, April 24, 2024

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും, നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ടൊവിനോ; മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യവുമായി ആഷിക് അബു

Must read

താന്‍ നായകനാകുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെതിരെ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നതെന്ന് ടൊവിനോ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ടോവിനോ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും , ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുന്നതും.
വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്..
ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബുവും രംഗത്ത് വന്നിട്ടുണ്ട്. സിനിമ സെറ്റുകണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണമെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ആഷിക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ക്കുകയായിരുന്നു. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെറ്റാണ് തകര്‍ത്തത്. ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week