കൊച്ചി: നാട്ടുകാരുടെ സഹായത്തോടെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയ പണം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപഹരിക്കപ്പെട്ടതോടെ ചികിത്സ മുടങ്ങി വീട്ടിലേക്ക് മടങ്ങി ഉഷ. വൈറ്റില സഹകരണ റോഡില്‍ വലിയപറമ്പില്‍ ഉഷയ്ക്കാണ് ഈ ദുര്‍ഗതി. ഉഷ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈറ്റിലയില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഉഷ താമസിക്കുന്നത്. ഭര്‍ത്താവ് അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. രണ്ട് മക്കളുണ്ട്.
45,000 രൂപയും രണ്ടുപവന്റെ വളയുമാണ് ഉഷയുടെ ബാഗില്‍ നിന്നും ആരോ മോഷ്ടിച്ചത്. നെട്ടൂരിലെ സ്വന്തം വീട്ടിലായിരുന്ന ഉഷ അവിടെനിന്ന് സ്വകാര്യബസിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എറണാകുളത്ത് ബസ്സിറങ്ങി നോക്കിയപ്പോള്‍ ബാഗിന്റെ സിബ്ബ് തുറന്നുകിടക്കുന്നതായി കണ്ടു. അതിനകത്ത് വച്ചിരുന്ന പണവും സ്വര്‍ണവളയും മറ്റു രേഖകളും നഷ്ടമായതായും ഇതോടെയാണ് കണ്ടെത്തിയത്.
നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ തുക ശസ്ത്രക്രിയയ്ക്ക് തികയാതെ വന്നാല്‍ പണയം വയ്ക്കാനാണ് ആകെയുണ്ടായിരുന്ന രണ്ടുപവന്റെ വള ബാഗില്‍ കരുതിയത്. പണവും ആഭരണവും നഷ്ടപ്പെട്ടതിനാല്‍ ആശുപത്രിയിലേക്ക് പോകാതെ ഉഷ വീട്ടിലേക്ക് മടങ്ങി. ഇനി ചികിത്സ തുടരാനാകാത്ത സ്ഥിതിയാണ്. ‘ആരും ആരെയും ഇങ്ങനെ ദ്രോഹിക്കരുതേ’ എന്ന് കണ്ണീരില്‍ കുതിര്‍ന്ന് അപേക്ഷിച്ചാണ് ഉഷ പോലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചുപോയത്.
കരളിന് ഗുരുതര രോഗം ബാധിച്ച ഉഷയ്ക്ക് ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം പിരിവെടുത്ത് നല്‍കിയത് നാട്ടുകാരാണ്. ഇവരുടെ മുഖത്ത് ഉണ്ടായ മുഴ നീക്കംചെയ്യുന്നതിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുള്ള പണവുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവം.