ഉപയോഗിച്ച കോണ്ടങ്ങള്‍ വീണ്ടും വിപണിയിലേക്ക്! എത്തിക്കുന്നത് കഴുകി വൃത്തിയാക്കിയ ശേഷം പുതിയ പാക്കറ്റുകളില്‍; റെയ്ഡില്‍ പിടിച്ചെടുത്തത് ആയിരക്കണക്കിന് കോണ്ടങ്ങള്‍
വിയറ്റ്‌നാം: ഉപയോഗിച്ച കോണ്ടങ്ങള്‍ തന്നെ വീണ്ടും കഴുകി വൃത്തിയാക്കി പുതിയ പാക്കറ്റില്‍ എത്തിക്കുന്ന സംഘം പിടിയില്‍. വിയറ്റ്നാമില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് റെയ്ഡിലാണ് ഇത്തരമൊരു ഗൗരവമുള്ള അഴിമതി പുറത്തുവന്നിരിക്കുന്നത്.
ഉപയോഗിച്ച കോണ്ടങ്ങള്‍ വ്യാപകമായി ശേഖരിച്ച്, തൊഴിലാളികളെക്കൊണ്ട് അവ കഴുകി വൃത്തിയാക്കിച്ച്, വീണ്ടും പുതിയതാണെന്ന വ്യാജേന പാക്ക് ചെയ്തെടുക്കുകുകയായിരിന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇത്തരത്തില്‍ വില്‍പന നടത്താനായി എത്തിച്ച ആയിരക്കണക്കിന് ഉപയോഗിച്ച കോണ്ടങ്ങളാണത്രേ കണ്ടുകെട്ടിയത്.
റെയ്ഡിനെ തുടര്‍ന്ന് കെട്ടിട ഉടമയായ മുപ്പത്തിമൂന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാസത്തിലൊരിക്കല്‍ ഒരാള്‍ ഇവര്‍ക്ക് ഉപയോഗിച്ച കോണ്ടങ്ങള്‍ ലോഡുകളായി എത്തിച്ചുനല്‍കുകയാണത്രേ പതിവ്. ഇവ പിന്നീട് കഴുകിയെടുത്ത ശേഷം പുതിയതാണെന്ന് തോന്നിക്കുന്ന തരത്തില്‍ ഘടന ക്രമീകരിച്ച് പാക്കറ്റുകളിലാക്കും. അപകടകരമായ ‘മെഡിക്കല്‍ വേസ്റ്റ്’ വിഭാഗത്തിലാണ് ഉപയോഗിച്ച കോണ്ടങ്ങള്‍ ഉള്‍പ്പെടുകയെന്നും അതിനാല്‍ തന്നെ ഗുരുതരമായ കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം ഇവര്‍ വിപണിയിലെത്തിച്ച കോണ്ടങ്ങളുടെ കണക്കും പോലീസ് അന്വേഷിക്കുന്നുണ്ട്.