400 കി.ഗ്രാം യുറേനിയം അപ്രത്യക്ഷം; ആക്രമണത്തിന് തൊട്ടുമുൻപ് 10 ബോംബുകൾക്കുള്ളത് ഇറാൻ കടത്തിയെന്ന് അമേരിക്ക

ടെഹ്റാൻ: ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയുടെ ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന.

ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ടുപോയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ ഇറാനുമായിട്ടല്ല യുദ്ധം ചെയ്യുന്നത്. ഇറാന്‍റെ ആണവായുധനിർമാണ പദ്ധതിക്ക് എതിരായാണ് ഞങ്ങളുടെ യുദ്ധം, ജെഡി വാൻ പറഞ്ഞു. ഇറാൻ ഭാവിയിൽ ആണവായുധ നിർമ്മാണം നടത്തുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ എത്രത്തോളം യുറേനിയം ശേഖിച്ചുവെന്നും ഫൊർദൊ ആണവകേന്ദ്രത്തിന് ആക്രമണത്തിൽ എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നുമുള്ള കാര്യത്തിൽ വാൻസ് വ്യക്തത വരുത്തിയിട്ടില്ല.

60 ശതമാനം സമ്പുഷ്ടീകരിച്ചതാണ് അപ്രത്യക്ഷമായ 400 കിലോഗ്രാം യുറേനിയം. ആയുധം നിർമ്മിക്കാൻ പാകത്തിലുള്ള യുറേനിയമാണ് കാണാതായിരിക്കുന്നത്. ആണവായുധ നിർമ്മാണപ്രവർത്തനങ്ങളുമായി ഇറാൻ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഇസ്രയേൽ ഉദ്യോഗസ്ഥരും യുറേനിയം കാണാതായ കാര്യം വ്യക്തമാക്കിയിരുന്നു.

യുറേനിയം കൂടാതെ ചില ഉപകരണങ്ങളും ഇവിടെനിന്ന് ഇറാൻ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവായുധ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളിൽ ഫൊർദൊ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്. എന്നാൽ, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മറ്റൊരു ഭൂഗർഭ കേന്ദ്രത്തിലേക്ക് ഇവ മാറ്റിയിരിക്കാമെന്നാണ് അമേരിക്കയും ഇസ്രയേലും കരുതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളിലായി അമേരിക്കന്‍ വ്യോമസേന ബോംബാക്രമണം നടത്തിയത്. ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടംമുതല്‍ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കിലും ഞായറാഴ്ചത്തെ ആക്രമണത്തോടെയാണ് അമേരിക്ക പ്രത്യക്ഷത്തില്‍ യുദ്ധമുഖത്തേക്ക് എത്തിയത്.

ആക്രമണവിവരം സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപ് തന്നെയാണ് അറിയിച്ചത്. ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്ക പ്രഹരമാണ് അമേരിക്കന്‍ വ്യോമസേന നല്‍കിയിരിക്കുന്നതെന്നാണ് ആക്രമണത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. അതേസമയം, ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നു എന്നത് സത്യമാണെങ്കിലും അവയ്ക്ക് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News