പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകം; പ്രതി പെൺസുഹൃത്തിന്റെ ഭർത്താവ്, കൊലയിൽ യുവതിക്കും പങ്കെന്ന് സംശയം

കൊച്ചി: പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. പെൺസുഹൃത്തിന്റെ ഭർത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്.

തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിന് പരിക്കേറ്റ നിലയിൽ പെൺസുഹൃത്താണ് ആഷിഖ് എന്ന യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് ബോധ്യമായത്.

യുവാവിന് പരിക്കേറ്റ സ്ഥലത്ത് പോലീസെത്തി തെളിവുകൾ ശേഖരിച്ചു. ചോരക്കറ പറ്റിയ ഷൂസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുമായുള്ള യുവാവിന്റെ ബന്ധത്തിനെ തുടർന്നുണ്ടായ വൈര്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.

യുവാവിന്റെ പെൺസുഹൃത്തും ഭർത്താവും പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News