വാഷിങ്ടൺ: റഷ്യയിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത പ്രസ്താവനയുമായി യുഎസ് സെനറ്റർ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തുമെന്ന് യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.
“റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് താരിഫ് ചുമത്താൻ പോവുകയാണ്. യുക്രൈൻ-റഷ്യ യുദ്ധം തുടരാൻ അനുവദിച്ചുകൊണ്ട് എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ നിലംപരിശാക്കുകയും നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും.” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രഹാം പറഞ്ഞു.
റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ഈ മൂന്ന് രാജ്യങ്ങളാണ് വാങ്ങുന്നതെന്നും, ഇതാണ് ‘പുതിൻ്റെ യുദ്ധയന്ത്ര’ത്തെ സഹായിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയും ചൈനയും ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽനിന്നുള്ള ചരക്കുകൾക്ക് 500 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബിൽ നേരത്തെ ലിൻഡ്‌സെ ഗ്രഹാം അവതരിപ്പിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റിനും ഗ്രഹാം മുന്നറിയിപ്പ നൽകി. “പ്രസിഡൻ്റ് പുതിൻ, താങ്കളുടെ കാര്യത്തിൽ കളി മാറിയിരിക്കുന്നു. താങ്കൾക്ക് തന്നെ വിനയാകുന്ന രീതിയിലാണ് പ്രസിഡൻ്റ് ട്രംപിനോട് കളിച്ചത്. താങ്കൾക്ക് വലിയൊരു പിഴവ് സംഭവിച്ചു, താങ്കളുടെ സമ്പദ്‌വ്യവസ്ഥ ഇനിയും തകർക്കപ്പെടും.” പുതിൻ മുൻ സോവിയറ്റ് യൂണിയൻ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഗ്രഹാം കുറ്റപ്പെടുത്തി.
റഷ്യയുമായി വ്യാപാരം തുടരുകയാണെങ്കിൽ ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഇത് ഈ രാജ്യങ്ങൾ കനത്ത തിരിച്ചടിയാകുമെന്നും നാറ്റോ സെക്രട്ടറി ജനറൽ റട്ടെയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നാറ്റോ മേധാവിയുടെ ഭീഷണി ഇന്ത്യ തള്ളി. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നതിനാണ് ‘പ്രധാന മുൻഗണന’ എന്ന് ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ നാറ്റോയ്ക്ക് മുന്നറയിപ്പ് നൽകി.
‘ഈ വിഷയത്തിലുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഞങ്ങളുടെ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ.’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.


