യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി യുഎസ്; അമ്പരന്ന് ഇസ്രയേൽ

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം നീളുന്ന വെടിനിർത്തലിനും യുഎസ് താത്പര്യപ്പെടുന്നുണ്ട്. എന്നാൽ, യുഎസിന്റെ ഈ നീക്കത്തോട് ഇറാൻ അനുകൂലമായി പ്രതികരിക്കാനും പദ്ധതി അതേരൂപത്തിൽ അംഗീകരിക്കാനും സാധ്യത നന്നേകുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനികസംവിധാനങ്ങളും നിർവീര്യമാക്കണമെന്ന നിർദേശവും അമേരിക്ക നിർദിഷ്ട പദ്ധതിയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്ന് യുഎസ് പറയുന്നു. കൂടാതെ ഇറാന് പുറത്ത് സ്ഥിതിചെയ്യുന്ന ഊർജ സംവിധാനത്തോടുകൂടിയതും യുഎന്നിന്റെ മേൽനോട്ടത്തിലുള്ളതുമായ സിവിലിയൻ ആണവ പദ്ധതി, ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വാഗ്ദാനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഇറാനെതിരായ യുദ്ധം തുടരണമെന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ നിലപാട്. ട്രംപിനോട് യുദ്ധം തുടരണമെന്ന് അഭ്യർഥിക്കുന്ന ഇസ്രയേൽ, വെടിനിർത്തൽ നിർദേശംകേട്ട് അമ്പരന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം നാലാഴ്ചയായി ശമനമില്ലാതെ തുടരുകയാണ്. പാകിസ്താനിൽനിന്നുള്ള മധ്യസ്ഥർ മുഖാന്തരമാണ് ഇറാന്റെ മുന്നിലേക്ക് യുഎസ് നിർദേശങ്ങൾ വെച്ചതെന്നാണ് വിവരം. യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ മധ്യസ്ഥതവഹിക്കാൻ തയ്യാറാണെന്ന് നേരത്തെ പാകിസ്താൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇപ്പോൾ യുഎസ് മുന്നോട്ടുവെച്ചിരിക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ തീർത്തും പുതിയതല്ലെന്ന് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നു. ഇപ്പോൾ മുന്നോട്ടുവെച്ച പദ്ധതിയിലെ നിർദേശങ്ങളിൽ ഏറിയപങ്കും 2025 മേയിൽ നടന്ന യുഎസ്-ഇറാൻ ആണവചർച്ചയിൽ മുന്നോട്ടുവെച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് ഇവർ പറയുന്നത്.

News Summary: In a major diplomatic move to end the ongoing conflict in the Middle East, the United States has proposed a 15-point peace plan to Iran. Key demands include strict controls on Iran’s nuclear program and the immediate reopening of the strategic Strait of Hormuz. As an initial step, the U.S. has proposed a month-long ceasefire to facilitate further discussions. In exchange for neutralizing Iran’s nuclear and related military capabilities, Washington has offered to partially lift economic sanctions and support a UN-supervised civilian nuclear project outside Iran. While the plan includes cooperation to revive the Iranian economy, international analysts believe Tehran is unlikely to accept the proposal in its current form.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News