വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക്. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും അവിടെനിന്നുള്ള കപ്പല്‍ ഗതാഗതവും പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് അമേരിക്ക നാവിക ഉപരോധം ആരംഭിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഇറാന്റെ എണ്ണവരുമാനം ഇല്ലാതാക്കി രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുക എന്ന അമേരിക്കന്‍ ലക്ഷ്യം. ഈ ഒറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പടക്കപ്പലുകള്‍ നിലയുറപ്പിച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് അമേരിക്ക-ഇറാന്‍ രണ്ടാം വട്ട ചര്‍ച്ച നടക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് ഉപരോധത്തിലേക്ക് നയിച്ചത്. നിലവില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് ഈ മാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു. ഇറാന്റെ ആണവമോഹങ്ങള്‍ക്ക് അറുതി വരുത്തുക, ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ഈടാക്കുന്ന വന്‍തുക തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇത് രണ്ടാം വട്ട ചര്‍ച്ചയില്‍ ഫലം കാണുമെന്നാണ് അമേരിക്കന്‍ പ്രതീക്ഷ.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ മേഖലയില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധം തുടങ്ങുമോ എന്നാണ് ലോകം ഭയക്കുന്നത്. അമേരിക്കന്‍ ഉപരോധം ഇറാനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുമോ അതോ കൂടുതല്‍ പ്രകോപനങ്ങളിലേക്ക് നയിക്കുമോ എന്നതില്‍ വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. ദുബായ്, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷയും ഈ സംഘര്‍ഷത്തില്‍ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് സാധ്യതകള്‍ തെളിയുന്നത്.
ഒടുവില്‍ സമാധാനപരമായ ഒരു ഉടമ്പടിയില്‍ എത്താന്‍ സാധിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുകൂലമല്ല. ഹോര്‍മുസ് കടലിടുക്ക് ലോകത്തിന് വിട്ടുനല്‍കാന്‍ ഇറാന്‍ തയ്യാറാകുമോ അതോ അമേരിക്കയുടെ ഉപരോധത്തിന് മുന്നില്‍ മുട്ടുമടക്കുമോ എന്ന് വരും ആഴ്ചകളില്‍ അറിയാം. ലോകത്തെ മുഴുവന്‍ നിശ്ചലമാക്കാന്‍ ശേഷിയുള്ള ഒരു വന്‍ സംഘര്‍ഷത്തിന്റെ നിഴലിലാണ് ഇപ്പോള്‍ പശ്ചിമേഷ്യ.
ഇറാന്റെ തീരത്തോടടുത്ത് ആക്രമണ സാധ്യതയുള്ളതിനാല്‍ ദൂരെമാറി ഒമാന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമാണ് യുഎസ് പടക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴില്‍ പന്ത്രണ്ടിലധികം പടക്കപ്പലുകളും നൂറിലധികം യുദ്ധവിമാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും സജ്ജമാണ്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന ഭീമന്‍ വിമാനവാഹിനിക്കപ്പല്‍ ഇറാന്‍ തീരത്തുനിന്ന് 200 കിലോമീറ്റര്‍ അകലെ നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന കപ്പലുകളെ ഉപഗ്രഹ സംവിധാനങ്ങള്‍ വഴിയും വാണിജ്യ ഇന്റലിജന്‍സ് വഴിയും യുഎസ് നിരീക്ഷിക്കുന്നുണ്ട്. ഈ കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തുറന്ന ഭാഗങ്ങളില്‍ എത്തുമ്പോള്‍ തടയാനോ തിരിച്ചയയ്ക്കാനോ ആണ് സൈന്യത്തിന്റെ തീരുമാനം. ഇതിനോടകം ആറ് ചരക്ക് കപ്പലുകളോട് ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായി സെന്റകോം അറിയിച്ചു. ചില കപ്പലുകള്‍ ലൊക്കേഷന്‍ മാറ്റി കാണിക്കാന്‍ ‘സ്പൂഫിംഗ്’ നടത്തുന്നുണ്ടെന്നും വിവരമുണ്ട്.
അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ തടയാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്കയും ഇറാനും നിലവില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികളായതിനാല്‍ അന്താരാഷ്ട്ര നിയമപ്രകാരം ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിവിലിയന്‍ കപ്പലുകളെയും മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പലുകളെയും തടയുന്നില്ലെന്നാണ് യുഎസ് നിലപാട്.
ഇറാന്റെ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. അമേരിക്കയുടെ ഉപരോധം ചൈനയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കും. സമാധാന ചര്‍ച്ചകളില്‍ ചൈനയെ കൂടുതല്‍ സജീവമാക്കാന്‍ ഈ സാമ്പത്തിക സമ്മര്‍ദ്ദം സഹായിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. എന്നാല്‍ അമേരിക്കയുടെ നീക്കം അപകടകരവും ഉത്തരവാദിത്തരഹിതവുമാണെന്ന് ചൈന പ്രതികരിച്ചു കഴിഞ്ഞു.
ലോകത്തെ ഊര്‍ജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഉപരോധം ശക്തമാകുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇത് ആഗോളതലത്തില്‍ ഇന്ധനവിലയും ചരക്ക് നീക്കവും പ്രതിസന്ധിയിലാക്കും. പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമെ വളം നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെയും ഇത് ബാധിക്കും.
മിഡില്‍ ഈസ്റ്റിലെ എണ്ണയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഇന്ധന പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പല രാജ്യങ്ങളും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനും സര്‍വ്വകലാശാലകള്‍ നേരത്തെ അടയ്ക്കാനും ഉത്തരവിട്ടു കഴിഞ്ഞു. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ ദേശീയ അവധി പ്രഖ്യാപിക്കുന്ന സാഹചര്യം വരെ പലയിടത്തുമുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. യുകെ സൈന്യം ഉപരോധത്തില്‍ പങ്കാളികളാവില്ല. മേഖലയില്‍ ഡ്രോണ്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മൈന്‍ നീക്കം ചെയ്യാനും ബ്രിട്ടീഷ് നാവികസേന ഉണ്ടാകുമെങ്കിലും കപ്പലുകള്‍ തടയുന്ന നടപടിയിലേക്ക് തങ്ങളില്ലെന്ന് ലണ്ടന്‍ വ്യക്തമാക്കി.
ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായി പോകുന്ന കപ്പലുകളെ പരിശോധനകള്‍ക്ക് ശേഷം കടത്തിവിടുമെന്ന് യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉപരോധം നീണ്ടുപോയാല്‍ ഇറാന്റെ ആഭ്യന്തര വിപണിയില്‍ ഗോതമ്പ് ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അവിടുത്തെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കും.
അമേരിക്കയുടെ നടപടിയെ ‘കടല്‍ക്കൊള്ള’ എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇതിന് പകരമായി ഗള്‍ഫ് രാജ്യങ്ങളിലെ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി കഴിഞ്ഞു. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കും.
യുദ്ധം നീണ്ടുപോവുകയും എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്താല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുക ബ്രിട്ടനെപ്പോലെയുള്ള വികസിത രാജ്യങ്ങളെയായിരിക്കും. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ നാറ്റോയുടെ സഹായം ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മേഖലയിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനും സ്വതന്ത്രമായ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സഖ്യകക്ഷികള്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
The United States has enforced a stringent naval blockade on Iranian ports, aiming to cripple Iran’s economy by cutting off its oil revenue. Strategically positioning warships like the USS Abraham Lincoln about 200 km off the Iranian coast in the Gulf of Oman and the Indian Ocean, the US aims to avoid direct strikes from Iran’s missile systems while maintaining pressure. This move follows the failure of recent peace talks and is designed to force Iran into abandoning its nuclear ambitions. However, the blockade has drawn sharp criticism from China and raised global concerns over rising oil prices and a potential military conflict in the Middle East.


