കോഴിക്കോട്: സ്‌നേഹവും കരുതലും നല്‍കി കൂടെനിര്‍ത്തിയ കൈകള്‍ക്കുതന്നെ വിനയായത് നാലു മാസത്തെ കടുത്ത വൈരാഗ്യം. മലബാറിലെ പ്രമുഖ ബാരല്‍ റിപ്പയറിങ് വ്യവസായി സി.പി. ഹംസയുടെ പൂതംകുഴിമീത്തലെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അരങ്ങേറിയത് സിനിമയെപ്പോലും വെല്ലുന്ന ക്രൂരമായ പ്രതികാര കഥ. നസ്രീന (16) എന്ന മിടുക്കിയായ വിദ്യാര്‍ഥിനിയുടെ ജീവനെടുത്ത അദിനാന്റെ (20) മരണത്തില്‍ ഇപ്പോഴും ദുരൂഹതയുടെ കരിനിഴല്‍ ബാക്കിനില്‍ക്കുന്നു. പഠനവൈകല്യവും സ്വഭാവദൂഷ്യവുമുള്ള അദിനാനെ നന്നാക്കിയെടുക്കാന്‍ വീടിന്റെ സകല സൗകര്യങ്ങളും വിട്ടുനല്‍കിയ കുടുംബത്തിന് കിട്ടിയത് ഒരിക്കലും ഉണങ്ങാത്ത മുറിവാണ്.
അദിനാന്റെ സ്വഭാവദൂഷ്യങ്ങള്‍ തിരുത്താനാണ് ഹംസ തന്റെ മകള്‍ റംസീനയുടെയും വിദേശത്തുള്ള നിസാറിന്റെയും വീട്ടിലേക്ക് അവനെ കൊണ്ടുവന്നത്. സ്വന്തം മക്കളെപ്പോലെയാണ് ഹംസയും കുടുംബവും അവനെ നോക്കിയത്. എന്നാല്‍, കുടുംബത്തിന്റെ വിശ്വാസം തകര്‍ത്ത് വീട്ടില്‍നിന്ന് 40,000 രൂപ അദിനാന്‍ മോഷ്ടിച്ചു. ഈ രഹസ്യം നസ്രീനയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഹംസ ഇടപെട്ട് അവനെ തിരികെ കൊളത്തറയിലെ വീട്ടിലേക്ക് അയച്ചു. നസ്രീനയോടുള്ള ശത്രുതയ്ക്ക് വിത്തിട്ടത് ഈ സംഭവമായിരുന്നു. പത്താം ക്ലാസില്‍ ഉന്നതവിജയം നേടി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ന്ന നസ്രീനയുടെ പ്രകാശമുള്ള ഭാവിക്ക് മുന്നിലേക്കാണ് അദിനാന്‍ മരണദൂതുമായി എത്തിയത്.
തിങ്കളാഴ്ച രാത്രി ഏഴോടെ മതില്‍കടന്നാണ് അദിനാന്‍ വീടിന്റെ പിന്‍ഭാഗത്തെത്തിയത്. സി.സി.ടി.വി ക്യാമറ തിരിച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ശേഷം വീടിനുള്ളില്‍ ഒളിച്ചിരുന്നു. പാതിരാത്രിയില്‍ സകലരും ഉറങ്ങിയ വേളയില്‍ മുകളിലെ മുറിയിലെത്തിയ അദിനാന്‍, ലെഗിന്‍സ് ഉപയോഗിച്ച് നസ്രീനയെ കഴുത്തുഞെരിച്ചും വായ പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തന്റെ സ്വപ്നങ്ങള്‍ക്കും ഭാവിക്കും തടസ്സമായവളോടുള്ള പക തീര്‍ക്കാന്‍ അത്രമേല്‍ ക്രൂരതയാണ് അദിനാന്‍ കാട്ടിയതെന്ന് പോലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷവും അദിനാന്‍ ആ വീട്ടില്‍ എന്തൊക്കെയോ തിരഞ്ഞിരുന്നതായി സൂചനയുണ്ട്. നസ്രീനയെ കൊന്നശേഷം താഴെ മുറിയിലെത്തി ഉമ്മൂമ്മ സഫിയയുടെ അലമാരയുടെ താക്കോല്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മുകളിലെ മുറിയില്‍ കയറി വാതിലടച്ചു. കട്ടിലിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അദിനാന്റെ മരണം പോലീസിനെ കുഴപ്പിക്കുന്നുണ്ട്. പാക്കിങ് പ്ലാസ്റ്റര്‍ കൊണ്ട് മൂക്കും വായയും കണ്ണും വരിഞ്ഞൊട്ടിച്ചാണ് അദിനാന്‍ മരിച്ചത്. ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അത് വലിച്ച് മാറ്റാന്‍ ശ്രമിക്കേണ്ടതാണ്. എന്നാല്‍ അദിനാന്‍ അതിന് തുനിഞ്ഞില്ല എന്നത് ദുരൂഹമാണ്.
താക്കോല്‍ എന്തിന്?: കൊല നടത്തിയ ശേഷം രക്ഷപ്പെടാന്‍ നോക്കാതെ എന്തിനാണ് വീണ്ടും അലമാരയുടെ താക്കോല്‍ എടുക്കാന്‍ ശ്രമിച്ചത്? ആ രാത്രിയില്‍ കൂടുതല്‍ മോഷണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നോ? ഇങ്ങനെ പല ചോദ്യങ്ങള്‍ അവസേഷിക്കുന്നു. സി.സി.ടി.വി: ചുറ്റും ക്യാമറകള്‍ ഉണ്ടായിട്ടും ഒരെണ്ണത്തില്‍ മാത്രം പതിഞ്ഞ ദൃശ്യങ്ങള്‍ അദിനാന്റെ ആസൂത്രിത നീക്കങ്ങളെ ശരിവെക്കുന്നു.
സമ്പന്നതയുടെ നടുവില്‍ വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ സി.പി. ഹംസയുടെ കുടുംബത്തിലുണ്ടായ ഈ ദുരന്തം നാടിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോഴിക്കോട് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. രണ്ടു മരണവും ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, പകയും പണവും ചേര്‍ന്നുള്ള ഈ മരണക്കളിയുടെ പിന്നാമ്പുറങ്ങള്‍ ഇനിയും പൂര്‍ണ്ണമായി വെളിപ്പെടാനുണ്ട്.
In a shocking incident at East Moozhikkal, Kozhikode, 16-year-old Nasreena, the granddaughter of prominent businessman C.P. Hamza, was murdered by her 20-year-old cousin, Adinan. The motive is believed to be a four-month-old grudge. Adinan, who had stayed at Nasreena’s house, was expelled after Nasreena caught him stealing money and discovered his behavioral issues. On Tuesday morning, Adinan sneaked into the house, strangled Nasreena to death, and later died by suicide by wrapping cello tape around his face to induce suffocation. Police investigation reveals that he also attempted to attack Nasreena’s grandmother during the crime.


