കോഴിക്കോട്: സ്‌നേഹം തണലേകിയ വീടിനുള്ളില്‍ ആരും പ്രതീക്ഷിക്കാത്തൊരു നിഴലായി അദിനാന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ‘വീടിനുള്ളില്‍ ആരോ കയറിയിട്ടുണ്ട്, ഒരു നിഴല്‍ കാണുന്നുണ്ട്’ എന്ന് സഫിയ വിളിച്ചു പറയുമ്പോള്‍ അത് ഒരു കുടുംബത്തിന്റെ മുഴുവന്‍ തകര്‍ച്ചയുടെയും തുടക്കമാകുമെന്ന് ബന്ധുവായ തല്‍ഹത്ത് കരുതിയിരുന്നില്ല. മൂഴിക്കലില്‍ 16-കാരി നസ്രീന അതിദാരുണമായി കൊല്ലപ്പെട്ട രാത്രിയില്‍ ആദ്യം ഓടിയെത്തിയ തല്‍ഹത്തിന്റെ വാക്കുകളില്‍ ആ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.55-നാണ് ഉപ്പയുടെ സഹോദരി സഫിയയുടെ ഫോണ്‍വിളി തല്‍ഹത്തിനെ തേടിയെത്തുന്നത്. വിരുന്നുകാരെല്ലാം മടങ്ങി, നിശബ്ദമായ വീട്ടില്‍ ഒരു അജ്ഞാത രൂപത്തെ കണ്ട ഭയത്തിലായിരുന്നു സഫിയ. പറമ്പില്‍ബസാര്‍ സ്വദേശിയായ തല്‍ഹത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മൂഴിക്കലിലെ വീട്ടിലെത്തി. മുകളിലെ മുറിയില്‍ പരിശോധിച്ച തല്‍ഹത്ത് കണ്ടത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന ഒരാളെയാണ്. മുട്ടിന് താഴെയുള്ള കാലുകള്‍ കണ്ടപ്പോള്‍ത്തന്നെ തല്‍ഹത്തിന് ആളെ മനസ്സിലായിഅത് അദിനാനായിരുന്നു.
അദിനാന്‍ അകത്തുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ തല്‍ഹത്ത് ഉടനടി പ്രതികരിച്ചു. അവന്‍ രക്ഷപ്പെടാതിരിക്കാന്‍ മുറി പുറത്തുനിന്ന് അമര്‍ത്തിപ്പിടിച്ച ശേഷം താഴേക്ക് വിളിച്ച് താക്കോല്‍ വരുത്തി വാതില്‍ പൂട്ടി. കുടുങ്ങിയെന്ന് ബോധ്യമായതോടെ അദിനാന്‍ വാതിലിന്റെ ലോക്കില്‍ പിടിച്ച് ശക്തിയായി വലിക്കുന്നുണ്ടായിരുന്നു. മുറിക്കുള്ളില്‍ ബാത്റൂം പോലും ഇല്ലാതിരുന്നതിനാല്‍ അദിനാന് പുറത്തുകടക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.
അദിനാനെ പൂട്ടിയ ശേഷമാണ് തൊട്ടടുത്ത മുറിയില്‍ തല്‍ഹത്ത് നസ്രീനയെ കാണുന്നത്. എന്നാല്‍ അപ്പോഴേക്കും ആ കുരുന്നിന്റെ ശ്വാസം നിലച്ചിരുന്നു. ‘മുറിയില്‍ നിന്ന് നസ്രീനയെ താഴെയെത്തിച്ചപ്പോഴേക്കും ദേഹമൊക്കെ തണുത്തുപോയിരുന്നു’ എന്ന് തല്‍ഹത്ത് വേദനയോടെ ഓര്‍ക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസെത്തിയപ്പോള്‍ അദിനാന്‍ ഒളിച്ച മുറി അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. പുറത്തുനിന്ന് ബന്ധുക്കള്‍ പൂട്ടിയ മുറി അകത്തുനിന്ന് അദിനാനും പൂട്ടി. പിന്നീട് പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അദിനാനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പ്ലാസ്റ്റര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
അദിനാന്‍ മുന്‍പ് ഈ വീട്ടില്‍ നിന്ന് 50,000 രൂപ മോഷ്ടിച്ചിരുന്നു. നസ്രീനയാണ് ഈ വിവരം വീട്ടുകാരെ അറിയിച്ചത്. അദിനാന്റെ അലമാരയില്‍ നിന്ന് പണം കണ്ടെടുത്തതോടെ അവനെ വീട്ടില്‍ നിന്ന് വിലക്കി. സ്വന്തം സഹോദരിയുടെ മകനെപ്പോലെ സ്‌നേഹിച്ച വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിലെ പകയാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി ഒളിഞ്ഞുനോക്കി നിന്ന അദിനാന്‍ പുലര്‍ച്ചെയോടെയാണ് നസ്രീനയെ ലെഗിന്‍സ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
നസ്രീനയുടെയും അദിനാന്റെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അദിനാന്റെ മൃതദേഹം കബറടക്കി. വിദേശത്തുള്ള ഉപ്പ നിസാര്‍ നാട്ടിലെത്തിയ ശേഷം നസ്രീനയുടെ കബറടക്കം നടക്കും. പഠനമികവുകൊണ്ടും സ്വഭാവമഹിമകൊണ്ടും എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന നസ്രീനയുടെ വിയോഗം മൂഴിക്കല്‍ ഗ്രാമത്തിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഒരു നിഴല്‍ പോലെ പതുങ്ങിയെത്തി സ്വന്തം ചോരയില്‍ പിറന്നവള്‍ക്ക് അന്ത്യകൂദാശ നല്‍കിയ അദിനാന്റെ ക്രൂരത നാടിന്റെ നൊമ്പരമായി തുടരുന്നു.
Kozhikode’s Moozhikkal witnessed a horrifying tragedy where 16-year-old Nasreena was murdered by her cousin Adinan (20) out of revenge. Adinan, who was previously expelled from the house for theft, sneaked back in and strangled Nasreena to death while she was asleep. Shortly after the crime, Adinan committed suicide by suffocation using cello tape in a locked room. Relatives and neighbors recall the chilling night when they first noticed a shadow in the house, unaware it was the killer. Police confirmed the death was premeditated, and the community remains in shock over the betrayal of trust


