ഒടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ച് ഇറാനും യുഎസും; ഹോർമുസ് തുറക്കും, പാകിസ്താനിൽ തുടർചർച്ച

ടെഹ്‌റാൻ: ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ രക്തരൂഷിതവും സംഘർഷഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമമാകുന്നു. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇറാനും യുഎസും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണ് വെടിനിർത്തൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിർത്തൽ സ്ഥിരീകരിച്ചു.

ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ഫീൽഡ് മാർഷൽ അസിം മുനീറുമായുമുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, ബുധനാഴ്ച രാത്രി ഇറാനിൽ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് തുറന്ന് നൽകുകയാണെങ്കിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തലിന് സമ്മതിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

‘ഹോർമുസ് കടലിടുക്ക് പൂർണമായും ഉടനടിയും സുരക്ഷിതമായും തുറന്നുനൽകാൻ സമ്മതിക്കുകയാണെങ്കിൽ, ഇറാനിൽ ബോംബാക്രമണവും മറ്റു ആക്രമണങ്ങളും രണ്ട് ആഴ്ചത്തേക്ക് ഞാൻ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ സമ്മതത്തിലുള്ള വെടിനിർത്തലായിരിക്കും.ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണം, ഞങ്ങൾ ഇതിനകം എല്ലാ സൈനികലക്ഷ്യങ്ങളും നേടിയെടുക്കുകയും അതിനപ്പുറം പോകുകയും ചെയ്തു എന്നതാണ്’ ട്രംപ് പറഞ്ഞു.

കൂടാതെ ഇറാനുമായുള്ള ദീർഘകാല സമാധാനം സംബന്ധിച്ച ഒരു നിശ്ചിത ഉടമ്പടിയിലും, മധ്യേഷ്യയിലെ സമാധാനത്തെക്കുറിച്ചും തങ്ങൾ വളരെ മുന്നോട്ട് പോയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ യുഎസിന് മുന്നിൽ പത്ത് നിർദേശങ്ങൾ വെച്ചതായും ട്രംപ് സമ്മതിച്ചു. ‘ഇറാനിൽ നിന്ന് ഞങ്ങൾക്ക് 10 ഇനങ്ങളുള്ള ഒരു നിർദ്ദേശം ലഭിച്ചു, അത് ചർച്ചകൾക്ക് ഒരു അടിസ്ഥാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള മുൻകാല തർക്കങ്ങളിലെ മിക്കവാറും എല്ലാ കാര്യങ്ങൾക്കും ഇതിനോടകം ധാരണയായിട്ടുണ്ട്. എന്നാൽ രണ്ടാഴ്ചത്തെ കാലയളവ് കരാർ അന്തിമമാക്കാനും പൂർത്തീകരിക്കാനും അനുവദിക്കും’ ട്രംപ് പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപനത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. പാകിസ്താനിലേക്ക് വന്ന് എല്ലാ തർക്കങ്ങളും പരിഹരിക്കാൻ യുഎസ്, ഇറാൻ നേതൃത്വങ്ങളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

ലെബനനിലും വെടനിർത്തലിന് സമ്മതിച്ചതായി പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ‘ഇറാനും യുഎസും അവരുടെ സഖ്യകക്ഷികളും ലെബനനിലും മറ്റെല്ലാ സ്ഥലങ്ങളിലും ഉൾപ്പെടെ എല്ലായിടത്തും ഉടൻ വെടിനിർത്തൽ നടത്താൻ സമ്മതിച്ചുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തിൽ വരും.ഈ വിവേകപൂർണ്ണമായ നടപടിയെ ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളിലെയും നേതൃത്വത്തിന് എന്റെ ആഴത്തിലുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു. എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിന് ഒരു നിശ്ചിത ഉടമ്പടിക്ക് വേണ്ടി കൂടുതൽ ചർച്ചകൾ നടത്തുന്നതിനായി ഏപ്രിൽ പത്തിന് ഇസ്ലാമാബാദിലേക്ക് അവരുടെ പ്രതിനിധികളെ ഞാൻ ക്ഷണിക്കുന്നു. ‘ഇസ്ലാമാബാദ് ചർച്ചകൾ’ സുസ്ഥിരമായ സമാധാനം നേടുന്നതിൽ വിജയിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു, വരുംദിവസങ്ങളിൽ കൂടുതൽ ശുഭവാർത്ത പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ ഷെഹബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.

വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ശേഷവും ഇസ്രയേലും ഇറാനും തമ്മിൽ ആക്രമണങ്ങൾ തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി. ഇറാന് നേരെ സൈനിക നടപടി തുടരുന്നതായി ഇസ്രയേൽ സൈനിക വക്താവ് സിഎൻഎന്നിനോട് പ്രതികരിച്ചു. വെടനിർത്തൽ സംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

US-Iran Ceasefire 2026, Donald Trump Peace Deal, Pakistan Mediation War, Strait of Hormuz Reopens, West Asia Conflict Update, International News Kerala, സമാധാന കരാര്‍, ഇറാന്‍ യുഎസ് വെടിനിര്‍ത്തല്‍, പശ്ചിമേഷ്യന്‍ വാര്‍ത്തകള്‍, അന്താരാഷ്ട്ര വാര്‍ത്തകള്‍, ഡൊണാള്‍ഡ് ട്രംപ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News