പഞ്ചാബിലെ ജലന്ധറില്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ള; സംഘത്തിലെ പ്രധാനിയായ റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍; പകുതി പണവും കണ്ടെടുത്തു: കൂട്ടുപ്രതിക്കായി തിരച്ചില്‍

Shooting a gun in night

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ തോക്കു ചൂണ്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയില്‍. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മകനായ സിമ്രന്‍ജിത് സിങ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രണ്ടംഗ സംഘമാണ് ആയുധവുമായി എത്തി ബാങ്ക് കൊള്ളയടിച്ചത്. സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറിന് ശേഷം, പൊലീസ് പകുതി പണം കണ്ടെടുക്കുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. കൂട്ടാളിക്കായി തിരച്ചില്‍ നടക്കുകയാണ്.

അറസ്റ്റിലായ സിമ്രാന്‍ജിത്ത് സിങ് ലഹരി മരുന്നിന് അടിമയാണ്. ഇയാളില്‍ നിന്നും ഒരു റിവോള്‍വര്‍, മൂന്ന് വെടിയുണ്ടകള്‍, മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം (3 ലക്ഷം രൂപ) എന്നിവ കണ്ടെടുത്തു. സിമ്രാനും കൂട്ടാളിയും സ്ഥിരമായി ബാങ്കിലെത്തി നിരീക്ഷിച്ച ശേഷം ഉച്ചതിരിഞ്ഞ് ഇടപാടുകാര്‍ കുറവുള്ള സമയം നോക്കിയാണ് മോഷണത്തിന് എത്തിയത്. ബാങ്കിലെ കാഷ്യര്‍ക്ക് നേരെ തോക്കു ചൂണ്ടിയാണ് മോഷണം നടത്തിയത്.

കറുത്ത നിറമുളള ആക്ടിവ സ്‌കൂട്ടറില്‍ മുഖംമൂടി ധരിച്ച രണ്ട് കവര്‍ച്ചക്കാര്‍ രണ്ട് മിനിറ്റിനുള്ളില്‍ 6,27,700 രൂപ കൊള്ളയടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ മുമ്പ് ബാങ്കില്‍ നിരീക്ഷണം നടത്തിയതില്‍നിന്നും ഉച്ചകഴിഞ്ഞ് ആള്‍ക്കൂട്ടം കുറവാണെന്നും സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലെന്നും മനസ്സിലാക്കിയിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ പറഞ്ഞു. കവര്‍ച്ചക്കാരില്‍ ഒരാള്‍ ചുവന്ന ജാക്കറ്റും തോക്കും ധരിച്ച് കാഷ്യറെ സമീപിച്ച് പണം ആവശ്യപ്പെട്ടു, രണ്ടാം പ്രതി നീല ഷര്‍ട്ട് ധരിച്ച് മൂര്‍ച്ചയുള്ള ആയുധവുമായി നിന്നതായി ദൃക്സാക്ഷി പറഞ്ഞു.

കൗണ്ടറിലുണ്ടായിരുന്ന മുഴുവന്‍ പണവും കാഷ്യര്‍ കവര്‍ച്ചക്കാര്‍ക്ക് കൈമാറിയ ശേഷം പ്രതി പണം ബാഗില്‍ നിറച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ബാങ്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിമ്രാന്‍ അറസ്റ്റിലായതോടെ പകുതി പണം തിരികെ ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News