വാഷിങ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം കനക്കുന്നു. വെള്ളിയാഴ്ചയും ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനെതിരെ തുടര്‍ച്ചയായ ഏഴാം രാത്രിയും തങ്ങള്‍ ആക്രമണം നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നും യു.എസ്. വ്യക്തമാക്കി.
അതേസമയം, യു.എസ്. ആക്രമണം രണ്ട് ലോ മൂന്നോ ദിവസം കൂടി തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിര്‍ന്ന സൈനിക ഉപദേശകന്‍ ജനറല്‍ മൊഹ്സെന്‍ റെസായെ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ഇനി വെറുമൊരു പ്രതിരോധത്തിലൊതുങ്ങില്ലെന്നും പശ്ചിമേഷ്യയിലെ ഒരു രാഷ്ട്രീയ അതിര്‍ത്തിയും ഇനി സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നെ ചര്‍ച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനില്‍ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.
ഒരു വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ യു.എസ്. തകര്‍ത്തതായി ഇറാന്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി ഗള്‍ഫ് മേഖലയിലുടനീളമുള്ള യു.എസ്. സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍ തിരിച്ചടി നല്‍കി.
കുവൈറ്റിലെ യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു. കൂടാതെ ഖത്തറിലെ യു.എസ്. റഡാര്‍ സംവിധാനങ്ങളെയും സൈനിക വിമാനങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ദോഹ ഈ മിസൈലുകള്‍ പ്രതിരോധിച്ചതായാണ് വിവരം. ഒമാനിലെ രണ്ട് യു.എസ്. റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും സിറിയയിലെ അല്‍-തന്‍ഫ് സൈനിക താവളത്തിന് നേരെയും ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു. ജോര്‍ദാന്‍ തങ്ങളുടെ അതിര്‍ത്തിയില്‍ മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ചിട്ടു.
ബഹ്റൈനിലെ യു.എസ്. വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകള്‍ക്ക് നേരെയും വിമാനങ്ങള്‍ക്ക് നേരെയും ഇറാന്‍ ലക്ഷ്യം വെച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ബഹ്റൈന്‍ നിര്‍ദ്ദേശിച്ചു. യു.എസ്. ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ പവര്‍ ഗ്രിഡ് തകരാറിലായതോടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനും എയര്‍ കണ്ടീഷണറുകള്‍ ഓഫ് ചെയ്യാനും ഊര്‍ജ്ജ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംഘര്‍ഷങ്ങളില്‍ ഇറാനില്‍ മാത്രം ഇതുവരെ 38 പേര്‍ കൊല്ലപ്പെടുകയും 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇറാന്റെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് കുര്‍ദിഷ് പ്രതിപക്ഷ സായുധ അംഗങ്ങളും കൊല്ലപ്പെട്ടു.
തുടര്‍ച്ചയായ ആക്രമണങ്ങളില്‍ യു.എന്‍. ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര എണ്ണക്കപ്പലുകളുടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന രീതിയിലാണ് നിലവിലെ ഉപരോധവും പ്രത്യാക്രമണങ്ങളും മുന്നോട്ട് പോകുന്നത്. ഒമാന്‍ തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസില്‍ തായ് കപ്പല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തു വിട്ടു. യുഎസ് ഇറാന്റെ ഊര്‍ജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാല്‍ ചെങ്കടലിലെ എണ്ണക്കപ്പല്‍ പാതകള്‍ തടയാന്‍ യെമനിലെ ഹൂത്തി വിമതര്‍ക്ക് ഇറാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഹൊര്‍മുസ് കടലിടുക്കില്‍ ഭീഷണി ഉയര്‍ത്തുന്ന ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങള്‍ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയില്‍വേ ജംഗ്ഷനുകളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ആക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന പാലങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നടപടികള്‍ക്ക് പിന്നാലെ ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിച്ചിരുന്നു.


