ദോഹ: ഇന്ത്യയുടെ യുപിഐ എല്ലായിടത്തേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍-ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടക്കം എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ് ലിമിറ്റഡ് യുപിഐ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ഖത്തറില്‍ കൂടി യുപിഐ ലോഞ്ച് ചെയ്തിരിക്കുകയാണ്. ക്യുഎന്‍ബിയുമായിട്ടാണ് അവര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ സാമ്പത്തിക സ്ഥാപനമാണിത്. ഖത്തറിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ക്യൂആര്‍ കോഡ് കേന്ദ്രീകരിച്ചുള്ള യുപിഐ പേമെന്റുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഖത്തറിലാകെ ഈ പേമെന്റുകള്‍ ഇനി ലഭ്യമാവും. ഖത്തറിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അടക്കം ഇനി യുപിഐ പേമെന്റുകള്‍ ചെയ്യാനാവും.
ക്യുഎന്‍ബിയുടെ മെര്‍ച്ചന്റ് നെറ്റ്‌വര്‍ക്ക് വഴിയാണ് യുപിഐ പേമെന്റുകള്‍ ഖത്തറില്‍ നടത്താനാവുക. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും, ഖത്തര്‍ വഴി കടന്നുപോകുന്നവര്‍ക്കുമെല്ലാം ഈ പേമെന്റ് രീതി ഗുണം ചെയ്യും. ഖത്തറില്‍ യുപിഐ പേമെന്റ് സാധ്യമാകുന്നതോടെ ഇവിടം സന്ദര്‍ശിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ പറഞ്ഞു.
ബാങ്കിംഗ് ഇടപാടുകള്‍ വളരെ ലളിതമാക്കപ്പെടും. അതുപോലെ ഖത്തറിലേക്കുള്ള യാത്ര വരെ പേമെന്റ് എളുപ്പത്തില്‍ നടക്കുന്നതോടെ ലളിതമാകും. യാതൊരു തടസ്സവും നേരിടേണ്ടി വരില്ല. ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ഗുണം കൂടുതലായി ലഭിക്കുക.
ഖത്തറിലെ ഏത് റീട്ടെയില്‍ സ്‌റ്റോറുകളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, മറ്റ് സുഖവാസ കേന്ദ്രങ്ങളിലും, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഹോട്ടലുകളിലും ഈ പേമെന്റ് രീതികള്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. എന്തു ചെറിയ സാധനം വാങ്ങാനും ഇനി ബാങ്കുകളെ നേരിട്ട് ബന്ധപ്പെടേണ്ടി വരില്ല. അതല്ലെങ്കില്‍ എക്‌സ്‌ചേഞ്ചിന്റെ സേവനം തേടേണ്ടിയും വരില്ല.
ബാങ്കിംഗ് ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ഇത് തുടക്കമിടുന്നത്. പുതിയ ഡിജിറ്റല്‍ പേമെന്റ് മാര്‍ഗമാണിത്. ഇതുവഴി ഖത്തറിലേക്കുള്ള യാത്രക്കാരുടെ സുഗമമായ യാത്രയാണ് ലക്ഷ്യമിടുന്നതെന്ന് ക്യുഎന്‍ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിംഗിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ അദില്‍ അലി അല്‍ മാല്‍കി പറഞ്ഞു.
ഖത്തറിലെ വ്യാപാരികള്‍ക്ക് വേഗത്തിലുള്ള പേമെന്റുകളും ഇതുവഴി സാധ്യമാക്കാം. കടയില്‍ നിന്ന് പണം നേരിട്ട് വാങ്ങുന്ന രീതിയും ഒഴിവാക്കാനാവും. യുപിഐ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍പിസിഐ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണലുമായി സഹകരിക്കുന്നുണ്ട്. യുഎഇയില്‍ അടക്കം ഈ പേമെന്റുകള്‍ ഫലപ്രദമായിരിക്കും. അതുപോലെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും പുതിയ യുപിഐ സംവിധാനം ഗുണം ചെയ്യും.
ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ എളുപ്പത്തില്‍ തന്നെ പേമെന്റ് നടത്താം. അന്താരാഷ്ട്ര തലത്തില്‍ പല യാത്രക്കാര്‍ക്കും യുപിഐ ഗുണം ചെയ്യും. യുപിഐ സേവനങ്ങള്‍ ഇതിനോടകം പല രാജ്യത്തും ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഈഫല്‍ ടവറിലും യുപിഐ സേവനം ആരംഭിച്ചിരുന്നു.