KeralaNews

സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കും; ആത്മഹത്യയും ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം, സുപ്രീംകോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുക. ഒരാള്‍ കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കൊവിഡ് കണക്കില്‍പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കൊവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താലും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശവും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ മാര്‍ഗരേഖ പുതുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവയും പരിശോധിക്കും. ചിലപ്പോള്‍ മരണക്കണക്കില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ സംസ്ഥാനം വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സമ്പൂര്‍ണ വാക്സിനേഷനിലേക്ക് നീങ്ങുകയാണ്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് (ബ്രേക്ക്ത്രൂ കേസുകള്‍). ഇവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ല.അതുകൊണ്ടു കോവിഡ് പ്രതിരോധത്തിനു വാക്സീന്‍ നിര്‍ണായകമാണ്. 18 വയസ്സിനു മുകളില്‍ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞു.

കേന്ദ്രത്തില്‍നിന്ന് 13 ലക്ഷം വാക്സീന്‍ കൂടി ലഭിക്കും. മൂന്നാംതരംഗം മുന്നില്‍കണ്ട് എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളില്‍ പീഡിയാട്രിക് ഐസിയു ഒരുക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button